 
ആലുവ: ആലുവ നഗരത്തോട് ചേർന്ന് മാധവപുരത്ത് പെരിയാർവാലി കനാലിന് കുറുകെയുള്ള പാലവും സംരക്ഷണഭിത്തിയും തകർന്ന് മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താതെ അധികൃതർ ജനങ്ങളെ വട്ടംകറക്കുന്നു. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ നിരവധി വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾ എന്നിവ പ്രവർത്തിക്കുന്ന മേഖലയിലാണ് ഈ ദു:സ്ഥിതി.
*പാലം തകർന്ന് കഴിഞ്ഞ വർഷകാലത്ത്
പാലം തകരുകയും 150 മീറ്റർമാറി സംരക്ഷണഭിത്തി ഉൾപ്പെടെ ഇടിയുകയും ചെയ്തത് കഴിഞ്ഞ വർഷകാലത്താണ്. നഗരസഭയ്ക്ക് പുറമെ ചൂർണിക്കര പഞ്ചായത്ത് അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ രണ്ടിടത്തെയും ജനപ്രതിനിധികൾ ഇറിഗേഷൻ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.
പാലം പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ചതാണ്. പാലത്തിന്റെ അടിഭാഗം തകരാറിലായതോടെ കോൺക്രീറ്റിൽ വലിയ വിള്ളൽവീണു. പാലത്തിന്റെ സൈഡ് വശം ചരിഞ്ഞിരിക്കുകയാണ്. കുറച്ചുനാൾ ഇതുവഴിയുള്ള ഗതാഗതം തിർത്തിവച്ചെങ്കിലും അറ്റകുറ്റപ്പണി നടക്കാതായതോടെ പുനരാരംഭിച്ചു. മാധവപുരം കോളനി ഭാഗത്താണ് സംരക്ഷണഭിത്തി ഉൾപ്പെടെ തകർന്നത്.
മൂന്നുവർഷംമുമ്പ് ടൈൽവിരിച്ച് മനോഹരമാക്കിയ ഭാഗമാണ് നിലവാരമില്ലാത്ത നിർമ്മാണത്തെ തുടർന്ന് തകർന്നത്. ഇവിടെ കനാലിന് 25 അടിയോളം താഴ്ചയുണ്ട്. അടിത്തട്ടിലെ ഉറപ്പില്ലായ്മയാണ് തകർച്ചയ്ക്ക് കാരണമെന്നാണ് ആരോപണം. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണിത്. അടിയന്തരമായി പാലവും സംരക്ഷണഭിത്തിയും നിർമ്മിക്കണമെന്നാണ് ആവശ്യം.