
മട്ടാഞ്ചേരി: കൊച്ചി തിരുമല ദേവസ്വം ക്ഷേത്രത്തിൽ രഥോത്സവത്തോട് അനുബന്ധിച്ച് നവീകരിച്ച പുഷ്പകവിമാനത്തിൽ ഭഗവാനെ എഴുന്നള്ളിച്ച് ഭക്തിത്യാദര വിശേഷാൽപൂജ നടന്നു. നിത്യപൂജ, വിഷ്ണുയാഗം, പല്ലക്ക് പൂജ എന്നിവയ്ക്ക് ശേഷമായിരുന്നു ഭഗവാനെ രഥത്തിലേറ്റി പ്രത്യേകപൂജ.
തുടർന്ന് ഗോവിന്ദാ... ഗോവിന്ദാ വിളികളുമായി രഥം ക്ഷേത്രത്തിന് വലംവച്ചതോടെയാണ് രഥപൂജ പൂർത്തിയായത്. 137വർഷം പഴക്കമുള്ള രഥം സ്വർണത്തേരിന്റെ പൊലിമയോടെ നവീകരിച്ചതാണ്. തഞ്ചാവൂർ ശൈലിയിലുള്ളതാണ് രഥം. രഥപൂജയിൽ പങ്കെടുക്കാൻ വിവിധദേശങ്ങളിൽ നിന്നായി ഒട്ടേറെ ഭക്തജനങ്ങളെത്തി.
ചടങ്ങുകൾക്ക് ആചാര്യർ എൽ മങ്കേഷ് ഭട്ട്, തന്ത്രി ആർ.ഗോവിന്ദ ഭട്ട്, മേൽശാന്തി എൽ.കൃഷ്ണഭട്ട്, ദേവസ്വം ഭരണസമിതി പ്രസിഡന്റ് ബി.ജഗന്നാഥ ഷേണായി, ഭരണാധികാരികളായ വി.ശിവകുമാർ കമ്മത്ത്, വി.ഹരി പൈ, അംഗങ്ങളായ ആർ.വെങ്കടേശ്വര പൈ, വി.മോഹൻ ഷേണായി, വി.സോമനാഥ പ്രഭു, എസ്. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. ഇന്ന് ആറാട്ടുത്സവ ചടങ്ങുകൾ നടക്കും.