kunnu
കുന്നുകര ഗ്രാമപഞ്ചായത്തിൽ കനിവോടിത്തിരി മണ്ണ് ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം.ബി രാജേഷ് ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുന്നു. മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി എന്നിവർ സമീപം

കുന്നുകര: സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഈവർഷം 1,60,000 വീടുകൾ നിർമ്മിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുന്നുകര ഗ്രാമപഞ്ചായത്തിൽ 51 ഭൂരഹിതർക്കുള്ള ഭൂമി കൈമാറ്റം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ത്രിതല തദ്ദേശ സ്ഥാപനങ്ങളും പൊതു, സ്വകാര്യ സ്ഥാപനങ്ങളും സർക്കാരും ഒരുമിച്ച് പ്രവർത്തിച്ച് പദ്ധതി നടപ്പാമെന്നതിന്റെ മാതൃകയാണ് കുന്നുകരയിൽ 51 ഭൂരഹിതർക്ക് ഭൂമി നൽകിയത്. ലൈഫ് മിഷൻ, കനിവോടിത്തിരി മണ്ണ് തുടങ്ങിയ പദ്ധതികളുടെ ഏകോപനത്തിലൂടെയാണിത് നടപ്പിലാക്കിയത്. 19 പേർക്ക് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും 32 പേർക്ക് കുന്നുകര ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് വിഹിതം, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ എസ്.സി വിഹിതം എന്നിവ ഉപയോഗിച്ചുമാണ് ഭൂമി വാങ്ങിയത്. രജിസ്‌ട്രേഷൻ, അനുബന്ധ നടപടികൾക്ക് സഹായം നൽകിയത് ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജാണ്.

ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി കേരളോത്സവം വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി രവീന്ദ്രൻ, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, ലൈഫ് മിഷൻ മുൻ ജില്ലാ കോ ഓർഡിനേറ്റർ ഏണസ്റ്റ് തോമസ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ് സ്ലീബ, ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എസ്. ജയകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ അബ്ദുൽ ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.