അങ്കമാലി: കേരളകൗമുദിയും അങ്കമാലി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനും സംയുക്തമായി മൂക്കന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അഗ്നി സുരക്ഷാ സെമിനാർ വിദ്യാർത്ഥികൾക്ക് വിലപ്പെട്ട സുരക്ഷാ പാഠങ്ങൾ പകർന്നു നൽകി.
ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. റോഡ് അപകടങ്ങളിൽ നിന്നും ലഹരിയുടെ പിടിമുറുക്കത്തിൽ നിന്നും വിദ്യാർത്ഥികൾ സുരക്ഷിതരാകണമെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്ക് അടിപ്പെടാതെ സ്വയം സുരക്ഷിതരാകാൻ അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.
വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച അങ്കമാലി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) പി.വി. പൗലോസിനെ കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ ആദരിച്ചു.
പ്രഥമശുശ്രൂഷാ മാർഗങ്ങൾ, അഗ്നിസുരക്ഷാ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ജില്ലാ ഫയർ ഓഫീസർ ക്ലാസെടുത്തു. ഗ്യാസ് സിലിണ്ടറിനും മറ്റും തീപിടിച്ചാൽ അണയ്ക്കേണ്ട വിധം സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും നൽകി.
പി.ടി.എ പ്രസിഡന്റ് എം.സി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി സ്റ്രേഷൻ ഓഫീസർ കെ.എസ്. ഡിബിൻ മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി അങ്കമാലി ലേഖകൻ കെ.കെ. സുരേഷ് സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ വി.സി. സന്തോഷ്, എച്ച്.എം പി.ജെ. ബെസ്സി എന്നിവർ ആശംസ നേർന്നു. സ്കൂൾ ചെയർമാൻ മെൽവിൻ മാത്തച്ചൻ നന്ദി പറഞ്ഞു. കേരളകൗമുദി ഡി.ജി.എം (മാർക്കറ്റിംഗ്) റോയ് ജോൺ സന്നിഹിതനായിരുന്നു.