അങ്കമാലി: സ്കൂൾ അങ്കണത്തിലേക്കെത്തിയ വിദ്യാർത്ഥികൾ കണ്ടത് മുറ്റത്ത് ആളിപ്പടരുന്ന തീ. ഭയന്ന് മാറിയ കുട്ടികൾക്ക് മുമ്പിലേക്ക് സൈറൺ മുഴക്കി ഫയർ എൻജിൻ എത്തി. വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ സേനാംഗങ്ങൾ അതിവേഗം ഹോസ് തുറന്ന് നിമിഷങ്ങൾക്കുള്ളിൽ വെള്ളം ഒഴിച്ച് തീ അണച്ചു. ഭീതി മാറി വിദ്യാർത്ഥികൾ ആശ്വാസത്തിലുമായി.

കേരളകൗമുദിയും ഫയർ ആൻഡ് റെസ്ക്യൂവും ചേർന്ന് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ബോധവത്കരണോദ്ദേശ്യവുമായി തീകെടുത്തൽ അവതരിപ്പിച്ചത്. തീ അണയ്ക്കുന്ന വിവിധരീതികൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. അഗ്നിബാധ ഇല്ലാതാക്കുന്ന രീതികൾ സേനാംഗങ്ങൾ കാണിച്ചപ്പോൾ ആദ്യം ഭയന്ന് നിന്ന വിദ്യാർത്ഥികൾ പിന്നീട് കൈയടിച്ച് ആ‌ർപ്പു വിളിച്ചു.

വിവിധ രീതികളിൽ തീയണയ്ക്കുന്ന മാർഗങ്ങളെപ്പറ്റി സേനാംഗങ്ങൾ വിദ്യാ‌ർത്ഥികൾക്ക് ക്ലാസ് എടുത്തു. വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ അഗ്നിബാധയുണ്ടായാൽ എളുപ്പത്തിൽ അണയ്ക്കുന്ന രീതികൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സേനാംഗങ്ങൾ പറഞ്ഞു നൽകി. സിലിണ്ടറിലെ തീ അണയ്ക്കുന്ന രീതി അവരെക്കൊണ്ട് ചെയ്യിപ്പിച്ചു. അഗ്നിസുരക്ഷ മാർഗങ്ങളെക്കൂടാതെ ജീവൻരക്ഷാ പ്രവർത്തനങ്ങളെപ്പറ്റി ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ ക്ലാസെടുത്തു. വൈദ്യുതാഘാതം ഏറ്റാൽ എങ്ങനെ രക്ഷപ്പെടുത്തണം, കുഴഞ്ഞുവീണയാൾക്ക് എങ്ങനെ പ്രഥമ ശുശ്രൂഷ നൽകാം, വെള്ളത്തിൽ വീണവരെ കരയ്ക്കെത്തിച്ച് ജീവൻ രക്ഷിക്കാം എന്നിവയെക്കുറിച്ച് ക്ലാസ് എടുത്തു. വിദ്യാ‌ർത്ഥികളെക്കൊണ്ട് അദ്ദേഹം ഡമ്മിയിൽ സി.പി.ആർ അടക്കമുള്ളവ പരിശീലിപ്പിക്കുകയും ചെയ്തു.