
കളമശേരി: മെഡിക്കൽ കോളേജ് റോഡിനു സമീപം പ്രവർത്തിക്കുന്ന 'നെസ്റ്റ് കമ്പനി കോമ്പൗണ്ടിലെ മണ്ണിടിഞ്ഞ് കെട്ടി കിടന്ന വെള്ളവും ചെളിയും സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലേക്കുമൊഴുകി വൻ നാശനഷ്ടം. ശക്തമായ മഴയെ തുടർന്ന് കെട്ടി നിന്ന വെള്ളത്തിന്റെ സമ്മർദ്ദം താങ്ങാനാവാതെ അശാസ്ത്രീയമായി നിർമ്മിച്ച മതിൽ തകർത്താണ് ഉരുൾപൊട്ടിയ പോലെ ചെളിയും മണ്ണും വെള്ളവും ഇടകലർന്ന് എച്ച്.എം.ടി തേവയ്ക്കൽ റോഡ് നിറഞ്ഞൊഴുകി സമീപത്തെ സ്റ്റീൽ ഫർണിച്ചർ ഷോപ്പ്, ഹോളോബ്രിക്സ് സ്ഥാപനത്തിലെ സിമന്റും മണലും കൂടാതെ വീട്ടു സാമഗ്രികളും തകർത്തത്. ആളപായമില്ല. ഏതാനും മാസങ്ങൾക്കു മുമ്പ് മണ്ണിടിഞ്ഞപ്പോൾ പരിഹരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടി എടുത്തില്ലെന്ന ആക്ഷേപമുണ്ട്. മാസങ്ങൾക്കു മുമ്പാണ് മണ്ണിനടിയിൽപ്പെട്ട് നാല് അതിഥി തൊഴിലാളികൾ മരിച്ചത്.