കൊച്ചി: പരിഷ്‌കരിച്ച കുർബാന അർപ്പിക്കുന്നതിനെച്ചൊല്ലി വിശ്വാസികൾ ഏറ്റുമുട്ടിയ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക സർക്കാർ ഏറ്റെടുക്കണമെന്ന പൊലീസിന്റെ ശുപാർശയിൽ ജില്ലാ കളക്ടർ ഡോ. രേണുരാജ് എ.ഡി.എമ്മിനോട് റിപ്പോർട്ട് തേടി. പൂട്ടിയ ബസിലിക്കയുടെ ഗേറ്റുകൾ ഇന്നലെ തുറന്നുകൊടുത്തു. ശുശ്രൂഷകൾ ഇന്നലെയും മുടങ്ങി.

റിപ്പോർട്ട് ഇന്ന് സമർപ്പിക്കണമെന്നാണ് എ.ഡി.എമ്മിന് കളക്ടർ നൽകിയ നിർദ്ദേശം. എ.ഡി.എമ്മിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയാകും കത്തീഡ്രൽ ഏറ്റെടുക്കുന്നതിൽ തീരുമാനമെടുക്കുക. പൊലീസ് ആർ.ഡി.ഒയ്ക്ക് നൽകിയ റിപ്പോർട്ട് ഇന്നലെ കളക്ടർ പരിശോധിച്ചു.

ഇന്നലെ വികാരി പള്ളിയിൽ പ്രവേശിച്ചെങ്കിലും വിശ്വാസികൾകളെ അനുവദിച്ചിട്ടില്ല. പൊലീസ് നിരീക്ഷണം തുടരുകയാണ്. ഞായറാഴ്ച കത്തീഡ്രൽ വളപ്പിൽ കയറിയ വാഹനങ്ങൾ പുറത്തെടുക്കാൻ അനുവദിച്ചിട്ടില്ല.

കത്തീഡ്രൽ അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് അതിരൂപതാ അൽമായ കോ ഓർഡിനേഷൻ സമിതി നിവേദനം നൽകി. കുർബാനയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾ വിട്ടുകിട്ടണമെന്നും അറിയിച്ചു.

എറണാകുളം അതിരൂപതയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്ഥിരം സിനഡ് പ്രത്യേകം സമിതി രൂപീകരിച്ച് ചർച്ചകൾ തുടങ്ങിയതിന്റെ പിറ്റേന്ന് കുർബാന അർപ്പിക്കാൻ ശ്രമിച്ച ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തിരിച്ചുവിളിക്കണമെന്ന് അൽമായ മുന്നേറ്റം കോ ഓർഡിനേഷൻ യോഗം ആവശ്യപ്പെട്ടു.