
ഫോർട്ട്കൊച്ചി: വൈപ്പിൻ റോ റോ വെസലുകളിൽ ഒന്ന് കട്ടപുറത്തായി മൂന്നാഴ്ച പിന്നിട്ടിട്ടും തകരാർ പരിഹരിച്ച് സർവീസിനിറക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നിലവിൽ സർവീസ് നടത്തുന്ന റോ റോ വെസലും ബോട്ടുമാകട്ടെ ഭാഗികമായി മുടങ്ങുന്നതും പതിവായി. ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന ഫോർട്ട്കൊച്ചി വൈപ്പിൻ റോ റോ സർവീസ് നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും നടത്തിപ്പ് ചുമതല പൊതുമേഖലാ സ്ഥാപനമായ കിൻകോയ്ക്കാണ്.സർവീസ് നടത്തിപ്പും ഗുണവും കിൻകോക്കാണെന്നിരിക്കെ കുഴപ്പങ്ങളുടെ പഴി മുഴുവൻ പേറേണ്ടി വരുന്നത് കൊച്ചി നഗരസഭയാണെന്നതാണ് വസ്തുത. ഇരു വിഭാഗത്തിന്റെയും കെടുകാര്യസ്ഥത മൂലം ദുരിതം പേറുന്നതാകട്ടെ യാത്രക്കാരും.
സേതുസാഗർ രണ്ടിന്റെ വിധിയോ?
നേരത്തേ സേതുസാഗർ രണ്ട് എന്ന വെസൽ അറ്റകുറ്റ പണികൾക്കായി കയറ്റി 130 ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഇറക്കിയത്. ഇപ്പോൾ തകരാറിലായ റോ റോയും ഇത് പോലെയാകുമോ എന്നതാണ് ആശങ്ക. മോശമായ പെരുമാറ്റവും കൃത്യതയില്ലാത്ത സർവീസുമാണെന്നാണ് ആരോപണം. എന്നാൽ കോടികൾ വരുമാനമുള്ള റോ-റോ സർവീസിൽ നിന്ന് നഗരസഭയ്ക്ക് കിൻകോ തുച്ഛമായ തുക മാത്രമാണ് ലാഭ വിഹിതമായി നൽകുന്നതെന്ന് പറയുന്നു.
ഉത്തരവാദി ആര്
2016ൽ കൊച്ചി നഗരസഭയാണ് 15 കോടി രൂപ ചിലവിൽ രണ്ട് റോ- റോ വെസലുകളും , രണ്ടര കോടി രൂപ ചെലവിൽ രണ്ടു കരകളിലും ജെട്ടികളും നിർമിച്ച് പ്രവർത്തനം തുടങ്ങിയത്.സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ സംവിധാനത്തിൽ ടെൻഡറിലുടെ സർവീസ് നടത്താനുള്ള നഗരസഭാ നീക്കത്തെ അന്നത്തെ പ്രതിപക്ഷം എതിർത്തതാണ് കിൻകോയെ ഏൽപ്പിക്കാൻ കാരണമായത്. ഇതിനുള്ള കരാർ വ്യവസ്ഥകൾ കിൻകോക്ക് അനുകലമായിരുന്നുവെന്ന് ജനകീയ സംഘടനകൾ ചൂണ്ടിക്കാണിച്ചതുമാണ്. റോ- റോ യിലൂടെ നഗരസഭക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും പറഞ്ഞിരുന്നു. നിലവിലെ അഴിമുഖ യാത്ര ദുരിതത്തിനും ജനദ്രോഹത്തിനും നഗരസഭയും കിൻകോയും ഉത്തരവാദികളാണന്ന് യാത്രക്കാർ പറയുന്നു.