കൊച്ചി: സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിനെത്തി എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് കാണാതായ 16 കാരൻ കണ്ണൂരിൽ എത്തിയതായി സൂചന.
കാസർകോട് സ്വദേശിയായ വിദ്യാർത്ഥി വാഴക്കുളത്ത് നടന്ന കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിന് എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ ഞായറാഴ്ച വൈകിട്ടാണ് എത്തിയത്. സംഘത്തിൽ നിന്ന് കുട്ടിയെ കാണാതായതോടെ അദ്ധ്യാപകർ റെയിൽവെ പൊലീസിനെ അറിയിച്ചു.
സ്റ്റേഷൻ പരിസരത്ത് തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ നമ്പർ പിന്തുടർന്ന് ഇന്നലെ നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കണ്ടെത്തി. പൊലീസ് എത്തിയെങ്കിലും ഒരു കടയിൽ ഫോൺ ഉപേക്ഷിച്ച നിലയിലായിരുന്നു. തൃശൂർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെ ഇന്നലെ രാത്രി വിദ്യാർത്ഥി കണ്ണൂരിൽ എത്തിയതായി വിവരം ലഭിച്ചത്. കുട്ടിയെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.