kala
കലോത്സവങ്ങൾ അഭി​മാനം

കുട്ടിക്കാല ഓർമ്മകളിൽ പ്രതിപക്ഷ നേതാവ്

പറവൂർ: വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ ശക്തിപ്പെടുത്തുന്ന സന്ദർഭങ്ങളാണ് കലോത്സവങ്ങളെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. കലോത്സവങ്ങൾ കേരളത്തിന്റെ അഭിമാനമെന്നും മന്ത്രി പറഞ്ഞു. മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കലോത്സവങ്ങൾ കുട്ടിക്കാലത്തിന്റെ ഓർമ്മകളാണെന്ന് അദ്ധ്യക്ഷനായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഹൈബി ഈഡൻ എം.പി, പി.വി. ശ്രീനിജൻ എം.എൽ.എ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

കലോത്സവ ലോഗോ ഡിസൈൻ ചെയ്ത പൈങ്ങോട്ടൂർ സ്‌കൂളിലെ വിദ്യാർത്ഥി ആര്യൻ വിനോദിനെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.

തുടക്കം വൈകി, ഒടുക്കവും

കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ മത്സരങ്ങൾ തുടങ്ങാൻ വൈകിയത് മത്സരാർത്ഥികളെയും രക്ഷിതാക്കളെയും എസ്‌കോർട്ടിംഗ് അദ്ധ്യാപകരെയും വലച്ചു. രാവിലെ 9ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന മത്സരങ്ങളിൽ ഭൂരിഭാഗവും തുടങ്ങിയപ്പോൾ സമയം 11.30കടന്നു. 14 ഉപജില്ലകളാണുള്ളതെങ്കിലും അപ്പീൽ ഉൾപ്പടെ പലയിനങ്ങളിലും മത്സരിക്കുന്നവർ 20വരെയെത്തി. നിശ്ചിത സമയത്തേക്കാൾ നാല് മണിക്കൂർ വരെ വൈകിയാണ് ചില മത്സരങ്ങൾ അവസാനിച്ചത്. വേദികൾ അടുത്തടുത്തായത് ആശ്വാസമായെങ്കിലും പലതിലെയും ശബ്ദവിന്യാസം മോശമായത് കല്ലുകടിയായി.