കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എം. സ്വരാജിന്റെ തോൽവിയെ തുടർന്ന് അച്ചടക്കനടപടിക്കു വിധേയനായ സി.പി.എം മുൻ ജില്ലാ കമ്മിറ്റിയംഗം സി.എൻ. സുന്ദരനെ പുറത്താക്കാൻ തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി ശുപാർശ ചെയ്തതോടെ പാർട്ടിയിൽ വിഭാഗീയത വീണ്ടും തലപൊക്കുന്നു. ബി.ജെ.പിക്ക് സ്വാധീനമുള്ള നഗരത്തിൽ ചേരിതിരിവ് രൂക്ഷമാകുന്നത് അടുത്ത തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായേക്കുമെന്ന ആശങ്ക ഒരുവിഭാഗം പങ്കുവയ്ക്കുന്നു.
ഔദ്യോഗിക വിഭാഗത്തെ എതിർക്കുന്നവർക്ക് മേൽക്കൈയുള്ള ഏരിയ കമ്മിറ്റിയുടെ നീക്കം വിഭാഗീയത വളർത്തുമെന്നും സുന്ദരനെ മാറ്റിനിറുത്തിയ കാലയളവിൽ നടന്ന രണ്ട് നഗരസഭാ ഉപതിരഞ്ഞെടുപ്പുകളിലും പാർട്ടിക്കു കനത്ത തിരിച്ചടിയുണ്ടായെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ജയിച്ചാൽ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന യുവനേതാവ് എം. സ്വരാജിന്റെ തോൽവി പാർട്ടിയെ ഞെട്ടിച്ചിരുന്നു. സീറ്റ് കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്ന സുന്ദരൻ, സ്വരാജിനായി വേണ്ടവിധം പ്രവർത്തിച്ചില്ലെന്ന് ആരോപണമുയരുകയും അന്വേഷണവിധേയമായി ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്യുകയുമായിരുന്നു. പാർട്ടിയിൽ തിരിച്ചെത്തി മാസങ്ങൾക്കകമാണ് പുതിയ നീക്കം.
പാർട്ടിക്കു സുന്ദരൻ നൽകിയ വിശദീകരണത്തിൽ പറഞ്ഞ ചില കാര്യങ്ങൾ അദ്ദേഹത്തിനു തന്നെ വിനയായെന്നാണു സൂചന. നടപടിക്കു വിധേയരായ സുന്ദരനടക്കമുള്ളവർ തിരിച്ചെത്തിയശേഷമാണ് വിശദീകരണം നൽകിയത്. ചൂരക്കാട് ബ്രാഞ്ച് അംഗമായി തരംതാഴ്ത്തപ്പെട്ട ശേഷവും പീപ്പിൾസ് അർബൻ സഹകരണബാങ്ക് പ്രസിഡന്റായി സുന്ദരൻ തുടരുന്നതും എതിർവിഭാഗത്തെ ചൊടിപ്പിക്കുന്നു. കുറേക്കൂടി വിധേയത്വത്തോടെ പ്രവർച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും സങ്കീർണമാകില്ലായിരുന്നെന്ന് കരുതുന്നവരും പാർട്ടിയിലുണ്ട്.