പറവൂർ: വേദി അഞ്ച്...യു.പി വിഭാഗം കഥാപ്രസംഗമത്സരം..അവസാന മത്സരാർത്ഥി ചെസ് നമ്പർ ഒന്നായി വേദിയിൽ.. നേരമേറെയായി മത്സരം തുടരുന്നതിനാൽ എസ്‌കോർട്ടിംഗ് അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഏറെപ്പേരും പുറത്ത്.. പക്ഷേ, ഈ വിദ്യാർത്ഥിനി കഥ പറഞ്ഞ് തുടങ്ങിയതിനു പിന്നാലെ ഹാൾ നിറഞ്ഞു. മത്സരഫലം വന്നപ്പോൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി മടക്കം.
മോറക്കാല സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാർത്ഥിനി ഗൗരി എൻ. രാജനാണ് സമുദായത്തിൽ നിലനിന്ന അനാചാരങ്ങൾക്കെതിരെ ഉറക്കെ ശബ്ദിച്ച നിലമ്പൂർ ആയിഷയുടെ കഥപറഞ്ഞ് കഥാപ്രസംഗവേദിയിലെ താരമായത്. ചിലപ്പതികാരം, ദക്ഷയാഗം, രാവണപുത്രി, ഭൂമിക്കൊരു ചരമഗീതം തുടങ്ങിയ സ്ഥിരം വിഷയങ്ങൾനിറഞ്ഞ വേദിയിൽ വ്യത്യസ്തമായി ഈ വിഷയം.
ആദ്യമായി ജില്ലാ കലോത്സവത്തിൽ മത്സരിക്കുന്ന ഗൗരി കാഥികൻ ഇടക്കൊച്ചി സലീംകുമാറിനു കീഴിലാണ് പരിശീലനം നേടിയത്. കാക്കനാട് സ്വദേശിയായ ടാക്‌സി ഡ്രൈവർ കവിരാജും അദ്ധ്യാപികയായ സചിത്രയുമാണ് മാതാപിതാക്കൾ. നാലാംക്ലാസുകാരനായ അർജുൻ സഹോദരനാണ്.