കൊച്ചി: കലൂർ സ്റ്റേഡിയം ഗ്രൗണ്ടിലെ ബാംബൂ ഫെസ്റ്റിൽ എപ്പോഴും മുരളീഗാനമുയരുന്ന ഒരു സ്റ്റാളുണ്ട്. കേരളസംസ്ഥാന ബാംബൂ മിഷൻ ഒരുക്കുന്ന മേളയിലെ 187സ്റ്റാളുകളിൽ 99 ശതമാനത്തിലും മുളയുടെ വിവിധ ഉത്പന്നങ്ങളാണെങ്കിൽ ശിവദാസ് കുന്നംകുളത്തിന്റെ സ്റ്റാളിലെ പ്രദർശനവസ്തു നൂറുകണക്കിന് പുല്ലാംകുഴലുകൾ മാത്രം.

എല്ലാം ശിവദാസ് തന്നെ സ്വയം നിർമ്മിക്കുന്നതുമാണ്. ഹിന്ദുസ്ഥാനി, കർണ്ണാട്ടിക് സംഗീതങ്ങൾക്ക് ഉപയോഗിക്കുന്ന വിവിധയിനം പുല്ലാംകുഴൽ പ്രദർശനത്തിലുണ്ട്. 6 മുതൽ 8 വരെ സുഷിരങ്ങളും 6 ഇഞ്ച് മുതൽ 36 ഇഞ്ച് വരെ വലിപ്പവുമുള്ള ഇവയുടെ പ്രത്യേകതയും നാദവിസ്മയവും നിർമ്മാതാവ് തന്നെയാണ് ഉപഭോക്താക്കളെ പരിചയപ്പെടുത്തുന്നത്. അരനൂറ്റാണ്ടിലേറെയായി ശാസ്ത്രീയ സംഗീതരംഗത്തെ പുല്ലാംകുഴൽ വിദഗ്ദ്ധനായ ഇദ്ദേഹത്തിന് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്. കുന്നംകുളത്ത് 'ചിത്രാംബരി' എന്ന സംഗീതവിദ്യാലയവും പുല്ലാംകുഴൽ പരിശീലനകേന്ദ്രവും നടത്തുന്നുണ്ട്.

വിവിധ ജില്ലകളിൽ നിന്ന് ലഭ്യമാകുന്ന ഈറ്റകളിൽ ഏറ്റവും അനുയോജ്യമായവ തെരഞ്ഞെടുത്താണ് പുല്ലാംകുഴൽ നിർമ്മിക്കുന്നത്. കേരള വനംവികസന കേർപ്പറേഷന്റെ അനുമതിയോടെ കാടുകളിൽ ഈറ്റ ഗവേഷണവും നടത്തിയിട്ടുണ്ട് ശിവദാസ്. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിൽ നിലമ്പൂർ കാടുകളിൽ വളരുന്ന പ്രത്യേകതരം ഈറ്റയാണ് പുല്ലാംകുഴലിന് ഏറ്റവും അനുയോജ്യമെന്നാണ് ശുവദാസ് പറയുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിന് കനംകുറഞ്ഞയിനവും കർണ്ണാട്ടിക് സംഗീതത്തിന് കനംകൂടിയ ഇനവുമാണ് ഉപയോഗിക്കുന്നത്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുള്ള ഒരാൾ 24 കുഴലുകളുടെ ഒരു സെറ്റാണ് ഉപയോഗിക്കുക. ഇതിൽ 12 എണ്ണം ബേസ് നാദത്തിനും 12 എണ്ണം മിഡിൽ, ഷാർപ്പ് സ്വരങ്ങൾക്കുമുള്ളതാണ്. ഓടക്കുഴൽ വാങ്ങാനെത്തുന്നവർ നടത്തുന്ന ശബ്ദപരിശോധനയും സംഗീതാലാപനവുമൊക്കെയായി ശിവദാസിന്റെ സ്റ്റാൾ എപ്പോഴും സജീവം.