d
മുളന്തുരുത്തി ബസ് സ്റ്റാൻഡ്

ചോറ്റാനിക്കര: മുളന്തുരുത്തി പള്ളിത്താഴത്ത് ബസ് സ്റ്റാൻഡ് ഉദ്ഘാടനം കഴി​ഞ്ഞി​ട്ട് വർഷം ഒന്നര കഴി​ഞ്ഞു. ഇപ്പോഴാണ് ബസുകൾ സ്റ്റാൻഡി​ൽ കയറി​ത്തുടങ്ങി​യത്. പിറവം നടക്കാവ് റോഡിലൂടെ സർവീസ് നടത്തുന്ന ബസുകളിൽ ചിലത് മാത്രമാണ് സ്റ്റാൻഡിൽ കയറുന്നത്.

സ്റ്റാൻഡിൽ ബസ് കയറി ഇറങ്ങുന്നതിന് ഒരുക്കിയ ക്രമീകരണങ്ങൾ തുടക്കത്തിലെ പാളിയിരുന്നു. വടക്കുവശത്തുള്ള സ്റ്റാൻഡിൽ പടിഞ്ഞാറുഭാഗത്ത് കൂടി ബസുകൾ പ്രവേശിച്ച കിഴക്കുഭാഗത്ത് കൂടി പുറത്തേക്ക് പോകുന്ന രീതിയിലായിരുന്നു ക്രമീകരണം ഒരുക്കിയെങ്കിലും പുറത്തേക്കിറങ്ങേണ്ട ഭാഗത്ത് വീതിക്കുറവ് ഡ്രൈവർമാരെ വിഷമത്തിലാക്കി. ഹോം ഗാർഡിന്റെ നേതൃത്വത്തിൽ റോഡിലെ വാഹനങ്ങൾ തടഞ്ഞാണ് ബസുകൾ പുറത്തേക്കിറക്കാൻ സൗകര്യം ഒരുക്കിയത്. റോഡിലെ വളവ് തിരിഞ്ഞുവരുന്ന ഭാഗത്ത് സ്റ്റാൻഡിൽ നിന്ന് ബസ് ഇറങ്ങി വരുന്നത് കാണാൻ കഴിയാത്തതുകൊണ്ട് പലപ്പോഴും വാഹന യാത്രക്കാർ അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജനങ്ങളുടെ പരാതിയെ തുടർന്ന് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് സ്ഥലം വാങ്ങി ബസുകൾക്ക് പുറത്തേക്ക് പോകാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

പിറവത്ത് നിന്ന് ചോറ്റാനിക്കര വഴി പോകുന്ന ബസുകളും. ചോറ്റാനിക്കരയിൽ നിന്ന് തലയോലപ്പറമ്പ് പോകുന്ന ബസ്സുകളും സ്റ്റാൻഡിലേക്ക് എത്തുവാൻ മിനി ബൈപ്പാസ് നിർമ്മിച്ചാൽ മാത്രമേ സ്റ്റാൻഡ് കൊണ്ട് പ്രയോജനമുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ രണ്ട് ഘട്ടമായി വില കൊടുത്തു വാങ്ങിയ സ്ഥലത്താണ് ബസ് സ്റ്റാൻഡ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ രണ്ട് ബസ് ബേകൾക്കും 20 ബസുകളുടെ പാർക്കിംഗി​നും സൗകര്യമുണ്ട്. യാത്രക്കാർക്ക് സൗജന്യ നിരക്കിൽ കുടിവെള്ളം കിട്ടുന്ന വാട്ടർ കിയോസ്ക് ഉണ്ടെങ്കിലും അത് കൃത്യമായി പ്രവർത്തിക്കുന്നില്ല. കാത്തിരിപ്പ് കേന്ദ്രം പദ്ധതിയിൽ ഉണ്ടായിരുന്നെങ്കിലും ബസ് സ്റ്റാൻഡിൽ ഉണ്ടായില്ല. ഗർഭിണികൾക്കും വയോജനങ്ങൾക്കും വിശ്രമിക്കാൻ ഇരിപ്പിടവുമില്ല.

സർക്കാർ സ്ഥാപനമായ കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്ന് കിട്ടിയ വായ്പാ സഹായം ഉൾപ്പെടെ 4.56 കോടി രൂപ വിനിയോഗിച്ചാണ് 5000 ചതുരശ്രയടി​ വിസ്തീർണ്ണം ഉള്ള ഷോപ്പിംഗ് മാളും ബസ് സ്റ്റാൻഡ് കോംപ്ലക്സും പൂർത്തിയാക്കിയത്.

................................................

ബസ് സ്റ്റാൻഡിൽ അത്യാവശ്യമായി കാത്തിരിപ്പ് കേന്ദ്രം നിർമിക്കണം. യാത്രക്കാർക്ക് ഇരിപ്പിട സൗകര്യമൊരുക്കണം. സ്റ്റാൻഡിൽ പഞ്ചിംഗ് സംവിധാനം ഒരുക്കി എല്ലാ ബസുകളും സ്റ്റാൻഡിൽ എത്തിക്കാനുള്ള പ്രവർത്തനം നടത്തണം.

ലിജോ ജോർജ്,

എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ

..........................................

ബസ് സ്റ്റാൻഡിനെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല

ഷിനി, വാർഡ് മെമ്പർ