കളമശേരി: ദ്രവീകൃത അമോണിയ നീക്കം ചെയ്യുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് " പേൾ ഒഫ് പെരിയാർ " എന്ന പേരിൽ പുതിയ ബാർജ് നീറ്റിലിറക്കി. ഫാക്ട് സി.എം.ഡി കിഷോർ റുംഗ് ത ഫ്ലാഗ് ഓഫ് ചെയ്തു. കൊൽക്കത്തയിലെ എ.സി.റോയ് ആൻഡ് കമ്പനി നിർമ്മിച്ച ബാർജിന് 350 മെട്രിക് ടൺ ദ്രവീകൃത അമോണിയ വഹിക്കാനുള്ള ശേഷിയുണ്ട്. ഫാക്ടിൻ്റെ ഡിസൈൻ വിഭാഗമായ ഫെഡോയും ഫാബ്രിക്കേഷൻ വിഭാഗമായ ഫ്യൂവും ചേർന്നാണ് ബാർജി ലെ പൈപ്പിംഗ്, ഇൻസ്ട്രുമെൻ്റേഷൻ സിസ്റ്റം അമോണിയ ബുള്ളറ്റുകൾ ഡിസൈൻ ചെയ്തത്. 52 മീറ്റർ നീളവും 10.5 മീറ്റർ വീതിയും 413 മെട്രിക് ടൺ ഭാരവുമുണ്ട്. ഇന്ത്യൻ രജിസ്റ്റർ ഒഫ് ഷിപ്പിംഗാണ് ക്ലാസിഫിക്കേഷൻ ഏജൻസി. കുസാറ്റ് ഡിപ്പാർട്ട്മെന്റ് ഒഫ് ഷിപ്പ് ടെക്നോളജി ഡിസൈൻ കൺസൾട്ടന്റ് ആയിരുന്നു. പ്രഗതിയാൻ എന്ന പേരിലുള്ളതാണ് ആദ്യബാർജ്. കൊച്ചിൻ ഡിവിഷനിൽ വളം നിർമാണത്തിന് ആവശ്യമായ ദ്രവീകൃത അമോണിയ ഉദ്യോഗമണ്ഡൽ, വെല്ലിംഗ്ടൺ ഐലൻഡ് എന്നിവിടങ്ങളിൽ നിന്ന് കൊണ്ടു പോകുന്നതിന് രണ്ടു ബാർജുകളും ഉപയോഗിക്കും.