ആലുവ: ഉപയോഗശൂന്യമായി കിടക്കുന്ന ആലുവ നഗരസഭ കെട്ടിടം കേന്ദ്ര സർക്കാർ അരക്കോടിരൂപ ചെലവഴിച്ച് നടപ്പാക്കുന്ന ആരോഗ്യപദ്ധതി നഷ്ടമാകാതിരിക്കാൻ വിട്ടുനൽകണമെന്ന ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും വർക്കിംഗ് ഗ്രൂപ്പിന്റെയും ശുപാർശ അംഗീകരിക്കണമെന്ന ഭൂരിപക്ഷ കൗൺസിലർമാരുടെ ആവശ്യം ഭരണപക്ഷത്തെ ഒരുവിഭാഗം നിരാകരിച്ചതിനെതിരെ കൗൺസിൽ ഹാളിൽ വാക്കൗട്ടും ഉപരോധവും ബഹളവും.
നഗരസഭ അതിർത്തിയിൽ 50 ലക്ഷം രൂപ ചെലവിൽ രണ്ട് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ആരംഭിക്കാൻ കേന്ദ്രം ഫണ്ട് അനുവദിച്ചിരുന്നു. അൻവർ ആശുപത്രിക്ക് പിൻവശം നഗരസഭ എൻജിനിയർക്ക് ക്വാർട്ടേഴ്സിനായി നിർമ്മിച്ച കെട്ടിടം പതിറ്റാണ്ടുകളായി അടഞ്ഞുകിടക്കുകയാണ്. കാടുപിടിച്ച് സാമൂഹിക വിരുദ്ധരുടെ താവളവുമാണ്. ഇവിടെ നഗരത്തിൽ തുടങ്ങാൻ ഉദ്ദേശിച്ച സെന്ററും മറ്റൊന്ന് തോട്ടക്കാട്ടുകരയിലും തുടങ്ങാനാണ് കൗൺസിലിൽ ഏഴാമത്തെ അജണ്ടയായെത്തിയത്. കോൺഗ്രസ് നേതാവ് എം.പി. സൈമൺ അദ്ധ്യക്ഷനായ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും വർക്കിംഗ് കമ്മിറ്റിയും അംഗീകരിച്ച ശുപാർശയാണിത്.
ചെയർമാൻ എം.ഒ. ജോണിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് ചെയർപേഴ്സൺ സൈജി ജോളിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. വിഷയം പരിഗണനയ്ക്കെടുത്ത ഉടൻ 25 ലക്ഷംരൂപയുടെ ഒരുസെന്ററിനായി കോടികൾ വിലയുള്ള കെട്ടിടം വിട്ടുനൽകേണ്ടതില്ലെന്ന നിലപാടുമായി ഭരണപക്ഷത്തെ ചിലരെത്തി. ഇതോടെ പ്രതിപക്ഷത്തെ എൽ.ഡി.എഫും ബി.ജെ.പിയും സ്വതന്ത്രനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ അംഗീകരിക്കണമെന്ന നിലപാടെടുത്തു. ചെയർമാനും കൗൺസിലർമാരായ ഷെമ്മി സെബാസ്റ്റ്യനും സിനിയ തോമസും യോഗത്തിൽ പങ്കെടുക്കാതിരുന്നതിനാൽ ഭരണപക്ഷത്ത് 11 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. സൈമൺ വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെ ഭരണപക്ഷത്തെ അനുകൂലികളുടെ എണ്ണം പത്തായി കുറഞ്ഞു.
പ്രതിപക്ഷത്ത് എൽ.ഡി.എഫിലെ ഏഴും ബി.ജെ.പിയുടെ നാലും ഒരു സ്വതന്ത്ര അംഗവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണപക്ഷത്തെ എം.പി സൈമണും പിന്തുണച്ചതോടെ 13 പേരായി. ഇതോടെ അജണ്ട മാറ്റിവയ്ക്കുകയാ
ണെന്നും മറ്റ് അജണ്ടകളെല്ലാം പാസായെന്നും പ്രഖ്യാപിച്ച് അദ്ധ്യക്ഷ വേദിവിടാനൊരുങ്ങി. അജണ്ടയിൽ വോട്ടിംഗ് വേണമെന്ന പ്രതിപക്ഷ ആവശ്യവും നിരാകരിച്ചതോടെ ബഹളമായി. പ്രതിപക്ഷം അദ്ധ്യക്ഷയെ തടയാൻ ശ്രമിച്ചു. തുടർന്ന് എൽ.ഡി.എഫ് അംഗങ്ങൾ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകി. ബി.ജെ.പി പ്രവർത്തകർ നഗരസഭ കാര്യാലയത്തിൽ കുത്തിയിരുന്നു.