കൊച്ചി: നഗരത്തിൽ ഭിക്ഷാടനം നടത്തിയിരുന്ന രണ്ട് നാടോടി കുട്ടികളെ പൊലീസിന്റെ സഹകരണത്തോടെ രക്ഷപ്പെടുത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളെ ഭിക്ഷാടനത്തിന് പ്രേരിപ്പിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസെടുക്കും. ഭിക്ഷാടനം നടത്തുന്ന കുട്ടികളെ കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും. രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങളെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്രിയത്. ഇവരെ സ്വദേശത്തെ സി.ഡബ്ല്യു.സിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നതും ആലോചനയിലുണ്ട്.

ഇന്നലെ രാവിലെ 11മണിയോടെ എറണാകുളത്തപ്പൻ ക്ഷേത്രമൈതാനം മുതൽ മറൈൻഡ്രൈവ് വരെയാണ് പൊലീസും സി.ഡബ്ല്യു.സി ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്. മറൈൻ ഡ്രൈവിൽ നിന്നാണ് സഹോദരങ്ങളെ കണ്ടെത്തിയത്. മാതാപിതാക്കൾ അടുത്തുണ്ടെന്ന് പറഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ഇവരെ ഡി.ഡബ്ല്യു.സി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. നഗരത്തിൽ കുട്ടികളെ ചൂഷണം ചെയ്തുള്ള ഭിക്ഷാടനം വർദ്ധിച്ചെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു മിന്നൽ നീക്കം.

വൈകിട്ടോടെ കുട്ടികളുടെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്നവർ പൊലീസിനെ സമീപിച്ചിരുന്നു. രേഖകൾ ഹാജരാക്കിയാൽ കർശന ഉപാധികളോടെ കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിടുമെന്ന് പൊലീസ് പറഞ്ഞു.

തെരുവിൽ അലയുന്ന നാടോടി കുട്ടികളെ പുനരധിവസിപ്പിക്കണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭിക്ഷയെടുക്കൽ, സാധനങ്ങൾ വിൽക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ ഷെൽട്ടർ ഹോമുകളിൽ പാർപ്പിക്കുകയോ സ്വദേശത്തേക്ക് മടക്കി അയക്കുകയോ ചെയ്യണമെന്നാണ് നിയമം. സെൻട്രൽ എ.സി.പി ജയകുമാർ ചന്ദ്രമോഹൻ പരിശോധനയ്ക്ക് നേതൃത്വം നൽകി. തൊഴിൽവകുപ്പ്, ചൈൽഡ്‌ലൈൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.