പെരുമ്പാവൂർ: കാലടി പുതിയപാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കാൻ പൊന്നുംവില വിജ്ഞാപനം പുറപ്പെടുവിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഗസറ്റ് വിജ്ഞാപന പ്രകാരം ആലുവ എൻ എച്ച്.നമ്പർ 2 (എൽ.എ) സ്‌പെഷ്യൽ തഹസിൽദാറെയാണ് പൊന്നുംവിലയ്ക്ക് സ്ഥലം ഏറ്റെടുക്കാൻ നിയോഗിച്ചിരിക്കുന്നത്. കുന്നത്തുനാട് താലൂക്കിന്റെ പരിധിയിൽവരുന്ന ചേലാമറ്റം വില്ലേജിൽനിന്നും ആലുവ താലൂക്കിന്റെ പരിധിയിൽവരുന്ന കാലടി വില്ലേജിൽ നിന്നുമായി ആകെ 0.1293 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുക.
സ്ഥലം ഉടമകളെ നേരിൽക്കണ്ട് മുൻകൂറായി സ്ഥലം വിട്ടുതരുന്നതിനുള്ള അനുമതി നേടിയെടുക്കാൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടേയും റോജി ജോൺ എം.എൽ.എയുടേയും നേതൃത്വത്തിൽ ശ്രമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻകൂറായി സ്ഥലം വിട്ടുതരുന്ന മുഴുവനാളുകളും കളക്ടറുടെ ചേംബറിലെത്തി നിർദിഷ്ടഫോറം കൈമാറുകയും ചെയ്തിരുന്നു. മുൻകൂർ പ്രതിഫലം പറ്റാതെ ഉടമകൾ സ്ഥലം വിട്ടുതരാൻ തയ്യാറായ കാര്യം ഉൾപ്പെടെ നിയമസഭയിൽ സബ്മിഷനായി എൽദോസ് കുന്നപ്പിള്ളി എം.എൽ എ ഉന്നയിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.
ഫയൽ നീക്കങ്ങളിൽപ്പെട്ട് ദീർഘകാലം മുടങ്ങിക്കിടക്കേണ്ട പാലംപണിയാണ് എം.എൽ.എമാരുടേയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടേയും സമയോചിതമായ ഇടപെടലിൽ അതിവേഗത്തിലായത്. 544 മീറ്റർ നീളവും ഇരു വശവും നടപ്പാത ഉൾപ്പെടെ 14 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക. നിലവിലുള്ള പാലത്തിൽ 6.70 മീറ്റർ വീതിയിലൂടെ മാത്രമാണ് വാഹനഗതാഗതം നടന്നിരുന്നത്. ഇതിനോടൊപ്പം സാമൂഹ്യ ആഘാത പഠനത്തിൻറെ റിപ്പോർട്ടും സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുതിയ പാലം നിർമ്മാണം പൂർത്തിയാകുമ്പോൾ പെരുമ്പാവൂർ, അങ്കമാലി റോഡിലെ ഗതാഗതപ്രശ്‌നം ഒരുപരിധി വരെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.