കൊച്ചി: നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയിലൂടെ അപസ്മാരം പൂർണമായും മാറ്റാമെന്ന് അമൃത ആശുപത്രിയിലെ ആരോഗ്യവിദഗ്ദ്ധർ. തലച്ചോറിൽ അപസ്മാരത്തിന്റെ ഉത്ഭവ സ്ഥാനം കൃത്യമായി കണ്ടെത്തി ശസ്ത്രക്രിയ നടത്താൻ കഴിയുന്നതിലൂടെ പാർശ്വഫലങ്ങൾ ഒഴിവാക്കാം. ശസ്ത്രക്രിയ സാദ്ധ്യമല്ലാതിരുന്നവർക്കും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താമെന്നു ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ 60 ലക്ഷത്തോളം അപസ്മാര രോഗികളുണ്ടെന്നു കണക്കാക്കുന്നതായി അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപ്പിലെപ്‌സി ക്ലിനിക്കൽ പ്രൊഫസർ ഡോ. സിബി ഗോപിനാഥ് പറഞ്ഞു. ഇലക്ട്രോഡുകൾ വഴി മസ്തിഷ്‌കത്തിലെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്തുന്ന ഇ.ഇ.ജി, മസ്തിഷ്‌കത്തിന്റെ എം.ആർ.ഐ സ്‌കാൻ, പെറ്റ് സ്‌കാൻ എന്നിവ കമ്പ്യൂട്ടേഷണൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്താണ് അപസ്മാരത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തുന്നത്. 2015 മുതൽ 2019 വരെയുള്ള കാലയളവിൽ നൂറോളം അപസ്മാര രോഗികളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചതെന്നും ഡോ. ഗോപിനാഥ് വ്യക്തമാക്കി.