പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ആവശ്യമായ മുഴുവൻ വീടുകളിലും ശുദ്ധജലമെത്തിക്കുന്ന പദ്ധതിയായ ജൽജീവൻ 43% ലക്ഷ്യം കൈവരിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലുമായി 41092 ഗാർഹിക കുടിവെള്ള കണക്ഷനുകൾക്കായി 32674 ലക്ഷംരൂപയുടെ ഭരണാനുമതി കഴിഞ്ഞ മാർച്ചിൽ ലഭിച്ചിരുന്നു. മാർച്ചിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ വിവിധ പഞ്ചായത്തുകളിലായി 10436 ഗാർഹിക കണക്ഷനുകൾ നൽകി. ഇനിയും 30644 ഗാർഹിക കണക്ഷനുകൾ കൂടി നൽകുന്നതോടെ നിയോജക മണ്ഡലത്തിലെ ആവശ്യക്കാരായ മുഴുവൻ പേർക്കും ശുദ്ധമായ കുടിവെള്ളം എത്തിക്കാൻ കഴിയുമെന്ന്
എം.എൽ.എ അറിയിച്ചു .

പെരുമ്പാവൂരിലെ എല്ലാ പഞ്ചായത്തുകളിലുമായി ഒന്നും രണ്ടും ഇടങ്ങളിലായി 13 പുതിയ ടാങ്കുകളാണ് ഉയരുന്നത്. പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരികയാണ്.കുടിവെള്ള ടാങ്കിനായി വിവിധ പഞ്ചായത്തുകളിലെ 13 സ്ഥലങ്ങളും ഏറ്റെടുത്ത് നൽകുന്നതിൽ വളരെ വേഗത്തിലുള്ള പ്രവർത്തനമാണ് പെരുമ്പാവൂരിൽ നടന്നത്. 2024 മാർച്ചിൽ പദ്ധതി 100 % ലക്ഷ്യം കൈവരിക്കും.