
കൊച്ചി: സപ്ലൈകോയുടെ മൂന്നാർ ഡിപ്പോയിൽ റോയൽ എഡിബിൾ കമ്പനി വിതരണം ചെയ്ത ശബരി അഗ്‌മാർക്ക് വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയതിനാൽ ആ ബാച്ചിലെ വെളിച്ചെണ്ണ എല്ലാ വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും തിരിച്ചെടുക്കാൻ നിർദ്ദേശം.
സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ വിഭാഗം കോന്നിയിലെ സി.എഫ്.ആർ.ഡി ലാബിൽ പരിശോധിച്ച വെളിച്ചെണ്ണയിലാണ് മായം കണ്ടെത്തിയത്. റോയൽ എഡിബിൾ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കമ്പനിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കരിമ്പട്ടികയിൽ പെടുത്തുന്നത് അടക്കമുള്ള തുടർനടപടി സ്വീകരിക്കുമെന്നും സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീവ് പട്‌ജോഷി അറിയിച്ചു. സ്റ്റോക്കുള്ള എല്ലാ ബാച്ചിലെയും സാമ്പിളുകൾ അടിയന്തരമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കാൻ എല്ലാ ഡിപ്പോ മാനേജർമാർക്കും സപ്ലൈകോ നിർദ്ദേശം നൽകി.