കോലഞ്ചേരി: പുത്തൻകുരിശിൽ ചരക്കിറക്കുമായി ബന്ധപ്പെട്ട ഉണ്ടാക്കിയ കരാറിനു വിരുദ്ധമായി എ.ഐ.ടി.യു.സി തൊഴിലാളികൾ പ്രവർത്തിക്കുന്നതിൽ മർച്ചന്റ് അസോസിയേഷൻ പ്രതിഷേധിച്ചു.
രണ്ടുവർഷത്തേക്ക് ഒപ്പിട്ട കരാറിനു വിരുദ്ധമായി കടയുടമയെ യൂണിയൻ ഭീഷണിപ്പെടുത്തുകയാണെന്ന് അസോസിയേഷൻ ആരോപിക്കുന്നു. ഇവിടെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി ഉൾപ്പെടെ മൂന്നു യൂണിയനുകളാണുള്ളത്. സ്ഥിരംതൊഴിലാളികൾ ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങളിൽ എന്തൊക്കെ ചരക്കുകളാണ് ഇറക്കേണ്ടതെന്നും എത്രകൂലി ഉടമ നൽകണമെന്നും നിശ്ചയിച്ച രണ്ടു കരാറുകൾ അസോസിയേഷനും യൂണിയനുകളും തമ്മിൽ പ്രാബല്യത്തിലുണ്ട്. ഇതിൽ എ.ഐ.ടി.യു.സി യൂണിയനും അസോസിയേഷനും തമ്മിലുള്ള കരാർ മാർച്ച് 15ന് പുതുക്കിയിരുന്നു. 20 വർഷമായി പ്രവർത്തിക്കുന്ന കടയിൽ വർഷങ്ങളായി അവരുടെ തൊഴിലാളികളാണ് പെയിന്റ് ഉത്പന്നങ്ങൾ ഇറക്കിയിരുന്നത്, ഇത് എ.ഐ.ടി.യു.സി യൂണിയൻ തടഞ്ഞു. തൽസ്ഥിതി തുടരാൻ കോടതി ഉത്തരവുണ്ടെങ്കിലും കടയിലെ തൊഴിലാളികളെ തൊഴിലെടുക്കാൻ സമ്മതിക്കുന്നില്ല. തൊഴിലാളികൾ ഈ സമീപനം തുടർന്നാൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന് അസോസിയേഷൻ നേതാക്കളായ റെജി എം. പോൾ, എ.വി. സാബു, ചീരേത്ത് മെറ്റൽസ് ഉടമ മിരൻ സജി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
40 വർഷമായി പുത്തൻകുരിശിലെ വ്യാപാരസ്ഥാപനങ്ങളിൽ ചുമട് തൊഴിൽ എടുത്തു വരുന്നത് എ.ഐ.ടി.യു.സി യൂണിയനാണ്. തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണമെന്നാണ് യൂണിയന്റെ ആവശ്യമെന്ന് യൂണിയൻ നേതാക്കൾ പറയുന്നു.