കൊച്ചി: കുർബാനയെച്ചൊല്ലി സംഘർഷം നിലനിൽക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർ ഇന്ന് തീരുമാനമെടുക്കും. ബസിലിക്ക വികാരി ഇന്നലെ കുർബാന അർപ്പിച്ചെങ്കിലും വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചില്ല.

പള്ളി ഏറ്റെടുക്കണമെന്ന് സിറ്റി പൊലിസ് കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ ഇന്ന് കളക്ടർ തീരുമാനമെടുക്കും. എ.ഡി.എം ഇതു സംബന്ധിച്ച് കളക്ടറുമായി ചർച്ച നടത്തിയെങ്കിലും പ്രത്യേക റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ബസലിക്ക വികാരി ഫാ. ആന്റണി നരികുളം ഇന്നലെ കുർബാന അർപ്പിച്ചു. പ്രവേശനം അനുവദിക്കാത്തതിനാൽ വിശ്വാസികൾ പുറത്തുനിന്ന് പങ്കെടുത്തു. ഞായറാഴ്ച സംഘർഷത്തെത്തുടർന്ന് ബസിലിക്ക വളപ്പിൽപ്പെട്ട വാഹനങ്ങൾ ഇന്നലെ വിട്ടുകൊടുത്തു.

അൽമായ മുന്നേറ്റത്തിന്റെ പ്രതിഷേധം ബിഷപ്പ് ഹൗസിന് മുമ്പിൽ തുടരുകയാണ്. ബസലിക്കയിൽ ആർച്ച് ബിഷപ്പിനും മറ്റ് മെത്രാന്മാർക്കും കുർബാനയും മറ്റ് കർമ്മങ്ങളും നടത്താൻ സാഹചര്യമുണ്ടാകുന്നതുവരെ ബസലിക്ക തുറന്നുകൊടുക്കരുതെന്നും പൊലീസ് കസ്റ്റഡി തുടരണമെന്നും അതിരൂപത അൽമായ സംരക്ഷണ സമിതി പ്രസിഡന്റ് ജോണി തോട്ടക്കര, ജനറൽ സെക്രട്ടറി വിത്സൻ വടക്കുഞ്ചേരി, കേരള കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ. പോളച്ചൻ പുതുപ്പാറ എന്നിവർ ആവശ്യപ്പെട്ടു.