പറവൂർ: ശാന്തമായി തുടങ്ങിയ ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ട വേദി ഒടുവിൽ സംഘർഷാവസ്ഥയിലായി. വിധി കർത്താവിനെ ചൊല്ലിയുള്ള ആരോപണമാണ് വാക്കുതർക്കത്തിലെത്തിയത്. ആർ.എൽ.വി സുബേഷ് എന്ന നൃത്താദ്ധ്യാപകന്റെ ശിഷ്യയാണ് വിധി കർത്താക്കളിൽ ഒരാളെന്ന് ചില നൃത്താദ്ധ്യാപകർ ആരോപിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. ഇദ്ദേഹം പരിശീലിപ്പിച്ച മൂന്ന് പേർ ആ വിഭാഗത്തിലും ചിലർ മറ്റ് വിഭാഗങ്ങളിലും മത്സരിക്കുന്നുണ്ടെന്നും ആരോപണം ഉയർന്നു.
ഈ വിധികർത്താവ് എറണാകുളം ജില്ലക്കാരനാണെന്നത് കലോത്സവ മാനുവലിന് വിരുദ്ധമാണെന്നും പരാതിയുയർന്നു. രണ്ടുഭാഗത്തും ആള് കൂടിയതോടെ തർക്കം കനത്തു. ഒടുവിൽ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. മത്സരത്തിനിടെ വിധികർത്താവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരോപണമുന്നയിച്ചവർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി. അലക്‌സാണ്ടറിന് പരാതി നൽകി.
പക്ഷേ, ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ (ഡി.ജി.ഇ) നൽകുന്ന പാനലിൽ നിന്നാണ് വിധികർത്താക്കളെ തീരുമാനിക്കുകയെന്ന് വ്യക്തമായതോടെ തർക്കത്തിന് താത്കാലിക ശമനമായി.
കോതമംഗലം വാരപ്പെട്ടി എൻ.എസ്.എസ്.എച്ച്.എസ്.എസിലെ മീര അജിത്ത് നൃത്തം ചെയ്യുന്നതിനിടെ വൈദ്യുതി നിലച്ചതിനും പാട്ടില്ലാതെ മീര ഡാൻസ് ചെയ്യുന്നതിനും മോഹിനിയാട്ട വേദി സാക്ഷ്യം വഹിച്ചു. വീണ്ടും നൃത്തം ചെയ്യാൻ സംഘാടകർ അവസരം നൽകിയെങ്കിലും തളർന്ന കുട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നതിനാൽ എത്താനായില്ല. ഇവർ അപ്പീൽ നൽകിയിട്ടുണ്ട്.