കൊച്ചി: കൊച്ചിയുടെ തലവേദനയായ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി ചെന്നൈ മാതൃക സ്വീകരിക്കാൻ കോർപ്പറേഷൻ ആലോചന. വർഷത്തിൽ ഒരു തവണ കോരുന്നതിന് പകരം വർഷം മുഴുവൻ കാന വൃത്തിയാക്കാനാണ് പരിപാടി . ഇതിനായി ബന്ധപ്പെട്ട ഏജൻസിക്ക് വാർഷിക കരാർ നൽകും. പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കുന്നതിന് കോർപ്പറേഷൻ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനിയർ, എക്സിക്യുട്ടീവ് എൻജിനിയർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ ചെന്നൈയിലേക്ക് അയയ്ക്കുമെന്ന് മേയർ എം. അനിൽകുമാർ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ചെന്നൈയിലെ പ്രളയത്തിന് ശേഷമാണ് മെയിന്റനൻസിനായി കുറെ പ്രദേശങ്ങളിൽ വാർഷിക കരാർ നൽകുന്ന ഏർപ്പാട് തുടങ്ങിയത്. വെള്ളക്കെട്ട് പ്രശ്നം ഒരുപരിധി വരെ പരിഹരിക്കുന്നതിന് ഈ പരിഷ്കാരം സഹായിച്ചുവെന്ന് തമിഴ്നാട് സ്വദേശിയായ സെക്രട്ടറി ഉൾപ്പെടെ നിരവധി പേർ അഭിപ്രായപ്പെട്ടതിനാലാണ് എം.ജി റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കാന കോരലിന്റെ രീതി മാറ്റുന്ന കാര്യം പരിഗണിക്കുന്നതെന്ന് മേയർ പറഞ്ഞു.
* ചെലവ് കൂടി മാലിന്യനീക്കം
കോർപ്പറേഷൻ വാഹനങ്ങൾ കേടാണെന്ന് വരുത്തിതീർത്ത് മാലിന്യനീക്കത്തിനായി പുറത്തു നിന്ന് വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതു വഴി കോർപ്പറേഷന് വൻ സാമ്പത്തികനഷ്‌ടം സംഭവിക്കുന്നതായി യു.ഡി.എഫ് കൗൺസിലർ വി.കെ. മിനിമോൾ പറഞ്ഞു. ഒരു മാസം മാത്രം 61 ലക്ഷം രൂപയുടെ അധികചെലവാണ് ഇതുവഴിയുണ്ടാകുന്നത്. രണ്ടു ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ ഈ ബില്ലുകൾ പാസാക്കി നൽകുകയും ചെയ്യും. ജെ.സി.ബി , ഹിറ്റാച്ചി വാടകയും വർദ്ധിച്ചു. ഈ വിഷയങ്ങൾ അടുത്ത മാസം ബ്രഹ്മപുരം വിഷയം ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർക്കുന്ന സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ പരിഗണിക്കുമെന്ന് മേയർ ഉറപ്പു നൽകി.
* സാമ്പത്തികപ്രതിസന്ധി: സർക്കാരിന്റെ സഹായം തേടും
ജി.എ.സ്ടി, പെൻഷൻ ഫണ്ട് ഇനത്തിൽ കോർപ്പറേഷന് കിട്ടാനുള്ള പണത്തിന്റെ ഒരു വിഹിതമെങ്കിലും അടിയന്തിരമായി അനുവദിക്കണമെന്ന് സംസ്ഥാന ധന, തദ്ദേശമന്ത്രിമാരെകണ്ട് ആവശ്യപ്പെടുമെന്ന് മേയർ പറഞ്ഞു.
100 കോടിയോളം രൂപ ജി.എസ്.ടി ഇനത്തിൽ മാത്രം കിട്ടാനുണ്ട്. കൂടുതൽ ജീവനക്കാർ പെൻഷനാകുന്ന നഗരസഭ എന്ന നിലയിൽ പെൻഷൻ ഫണ്ടായും അത്രതന്നെ പണം ലഭിക്കണം. വരുമാനത്തിൽ വർദ്ധനയുണ്ടായിട്ടില്ല. നികുതി പിരിവ് കൂടുതൽ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥർ സഹകരിക്കണമെന്നും മേയർ പറഞ്ഞു. കരാറുകാർ നടത്തുന്ന സമരം ന്യായമാണ്. എന്നാൽ ഓഫീസിനുള്ളിൽ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ചും വഴിതടസപ്പെടുത്തിയും സമരം ചെയ്യുന്നത് ശരിയാണോ എന്ന് ചിന്തിക്കണം.