കൊച്ചി: പണം വാങ്ങിയ ശേഷം മോഡലുകളെ റാംപിൽ നിന്ന് ഒഴിവാക്കുകയും ഇത് ചോദ്യം ചെയ്ത ട്രാൻസ്‌ജെൻഡർ മോഡലിനെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്ത ലിസാറോ മോഡലിംഗ് കമ്പനി ഉടമ എറണാകുളം സ്വദേശി ജെനിൽ അറസ്റ്റിലായി. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഞായറാഴ്ച കൊച്ചിയിൽ നടന്ന ഫാഷൻ വീക്കിലായിരുന്നു സംഭവം. ഷോയെക്കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറുകണക്കിന് മോഡലുകൾ പണം നൽകി രജിസ്റ്റർ ചെയ്തു. എന്നാൽ ഭൂരിഭാഗം പേർക്കും റാംപിൽ അവസരം നൽകിയില്ല.തട്ടിപ്പ് ചോദ്യം ചെയ്ത പ്രമുഖ ട്രാൻസ്ജെൻഡർ മോഡലിനെയാണ് ജെനിൽ പരസ്യമായി അധിക്ഷേപിച്ചത്.