കൊച്ചി: എം.ജി സർവകലാശാലാ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ കലാലയങ്ങളിൽ ഭൂരിഭാഗത്തിലും എസ്.എഫ്.ഐ മുന്നേറ്റം.

സെന്റ് ആൽബർട്‌സ്, ലാ കോളേജുകളിൽ മുഴുവൻ സീറ്റുകളും എസ്.എഫ്.ഐ പിടിച്ചെടുത്തു. ജില്ലയിലെ 48 കോളേജുകളിൽ 40ൽ എസ്.എഫ്.ഐ വിജയിച്ചതായി ജില്ലാ സെക്രട്ടറി അ‌ർജുൻ ബാബു പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന 37ൽ 14ൽ കെ.എസ്.യു വിജയിച്ചെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഗവ. ലാ കോളേജ്, എറണാകുളം, മഹാരാജാസ് കോളേജ്, സെന്റ് ആൽബേ‌ർട്സ് കോളേജ്, ഭാരത മാതാ ലാ കോളേജ് ചൂണ്ടി എന്നിവ എസ്.എഫ്.ഐക്ക് ഒപ്പം നിന്നപ്പോൾ യു.സി കോളേജ് ആലുവ, എസ്.എച്ച് തേവര, ഭാരത മാതാ കോളേജ് തൃക്കാക്കര, ശ്രീശങ്കര കോളേജ് കാലടി എന്നിവ കെ.എസ്.യുവിനൊപ്പം നിന്നു.

കഴിഞ്ഞ വർഷം എസ്.എഫ്.ഐയിൽ നിന്ന് കെ.എസ്.യു പിടിച്ചെടുത്ത എറണാകുളം ലാ കോളേജ് എസ്.എഫ്.ഐ പിടിച്ചെടുത്തു. ഏഴു വർഷത്തിന് ശേഷം കഴിഞ്ഞ വർഷമാണ് ലാ കോളേജ് കെ.എസ്.യു പിടിച്ചെടുത്തത്.

എസ്.എഫ്.ഐ പിടിച്ചവ: ഗവ. ലാ കോളേജ് എറണാകുളം, സെന്റ് കുര്യാക്കോസ് കോളേജ് പെരുമ്പാവൂർ, ഭാരത് മാതാ കോളേജ് ചൂണ്ടി

കെ.എസ്.യു പിടിച്ചവ: ഭാരത് മാതാ കോളേജ് തൃക്കാക്കര, നിർമ്മല കോളേജ് മൂവാറ്റുപുഴ, എം.ഇ.എസ് മാറമ്പിള്ളി, ഭാരത് മാതാ ആർട്സ് കോളേജ് ചൂണ്ടി, കെ.എം.ഇ.എ പൂക്കാട്ടുപടി.