കൊച്ചി: എറണാകുളം എളംകുളത്ത് വാടകവീട്ടിൽ കൊല്ലപ്പെട്ട നേപ്പാൾ സ്വദേശിനി ഭാഗീരഥി ഗാമിയുടെ (30) മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ബംഗളൂരുവിൽ ജോലി ചെയ്യുന്ന, നേപ്പാൾ സ്വദേശിയായ ഇവരുടെ ബന്ധു കൊച്ചിയിൽ എത്തിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷന്റെ അനുമതി ലഭിച്ചാൽ മൃതദേഹം ഇന്ന് തന്നെ രവിപുരത്തോ, പച്ചാളം പൊതുശ്മശാനത്തിലോ സംസ്‌കരിക്കും. മൃതദേഹം കൊച്ചിയിൽ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധു നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. നേപ്പാൾ പൊലീസിന്റെ പിടിയിലായ ഭാഗീരഥിയുടെ ഘാതകനെന്ന് സംശയിക്കുന്ന പങ്കാളി റാം ബഹാദൂർ ബിസ്തിനെ കൊച്ചിയിൽ എത്തിക്കാനാകാത്തത് അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.