ആലുവ: എം.ജി സർവകലാശാലക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആലുവ മേഖലയിൽ കെ.എസ്.യു മുന്നേറ്റം. രാഷ്ട്രീയാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന നാല് കോളേജുകളിൽ മൂന്നിടത്തും കെ.എസ്.യു മുന്നണി ഭരണം പിടിച്ചു. ഒരിടത്ത് എസ്.എഫ്.ഐ വിജയിച്ചു. സംഘർഷ സാദ്ധ്യത റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എടത്തല അൽ അമീൻ കോളേജിൽ വോട്ടെടുപ്പ് നടന്നില്ല.
ആലുവ യു.സി കോളേജിൽ 14ൽ 12 സീറ്റും കെ.എസ്.യു നേടി. ചൂണ്ടി ഭാരത് മാതാ ആർട്ട്സ് കോളേജിൽ മുഴുവൻ സീറ്റും കെ.എസ്.യുവിനാണ്. കുഴിവേലിപ്പടി കെ.എം.ഇ.എ കോളേജിൽ ജനറൽ സീറ്റുകൾ ഉൾപ്പെടെ ഒമ്പതും കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിനാണ്. ചൂണ്ടി ഭാരത് മാതാ ലാ കോളേജിൽ ജനറൽ സെക്രട്ടറി ഒഴികെയുള്ള സീറ്റുകളിൽ എസ്.എഫ്.ഐക്കാണ് വിജയം.
എടത്തല അൽ അമീൻ കോളേജിൽ എസ്.എഫ്.ഐയുടെ ചെയർമാൻ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷ സാഹചര്യമുണ്ടാക്കിയത്. ഇതേത്തുടർന്നാണ് വോട്ടെടുപ്പ് മാറ്റിയത്. കെ.എസ്.യു പ്രവർത്തകർ നഗരത്തിൽ ആഹ്ളാദപ്രകടനം നടത്തി.