
കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റലിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേരുന്നതല്ലെന്നും ആണധികാര വ്യവസ്ഥയുടെ ഭാഗമാണിതെന്നും ഹൈക്കോടതിയുടെ വിമർശനം. രാത്രി ഒമ്പതരയ്ക്കുശേഷം വിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ നൽകിയ ഹർജിയി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
ഹോസ്റ്റൽ എന്നാൽ ജയിലാണോ? അവർ കൊച്ചു കുട്ടികളല്ല, മുതിർന്നവരല്ലേ? പ്രധാനമന്ത്രിയെ വരെ തിരഞ്ഞെടുക്കാൻ പ്രാപ്തിയുള്ള പൗരന്മാരാണ്. സുരക്ഷയുടെ പേരു പറഞ്ഞ് അവർ കാമ്പസിൽ പോലും രാത്രിയിൽ ഇറങ്ങരുതെന്ന് സ്റ്റേറ്റ് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? മെഡിക്കൽ കോളേജിന്റെ കാമ്പസിൽ പോലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലേ? രാത്രി ഒമ്പതര കഴിഞ്ഞാലേ അക്രമമുണ്ടാകൂ എന്നത് ആരുടെ തോന്നലാണ്? പൂട്ടിയിടേണ്ടത് വിദ്യാർത്ഥിനികളെയല്ല, അക്രമികളെയാണ്. ആണധികാര വ്യവസ്ഥയിൽ നിന്നുള്ള ചിന്തയാണ് ഇത്തരം വിലക്കിനു കാരണം. വിദ്യാർത്ഥിനികളുടെ കഴിവിനെ കുറച്ചു കാണരുത്. അവർ സ്വയം സംരക്ഷിക്കാൻ പ്രാപ്തരാണ് - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
സുരക്ഷയുടെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ പാടില്ലെന്നും ലിംഗ വിവേചനം അരുതെന്നും യു.ജി.സിയുടെ നിർദ്ദേശങ്ങളുണ്ട്. എന്നിട്ടും വിദ്യാർത്ഥിനികൾക്ക് വിലക്ക് ഏർപ്പെടുത്തിയത് എന്തിനെന്ന് അറിയിക്കാൻ സിംഗിൾബെഞ്ച് സർക്കാരിനോടു നിർദ്ദേശിച്ചു. സംസ്ഥാന വനിത കമ്മിഷനും അഭിപ്രായം അറിയിക്കാം. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.