hari
വീഴ്ചയിൽ നിന്നുയർന്ന് പൊങ്ങി​ ഹരികൃഷ്ണൻ

പറവൂർ: മൂന്ന് മാസം മുൻപ് അദ്ധ്യാപി​കയുടെ വീടിന് മുകളിൽ നിന്ന് വീണ് ഒരു കാലൊടി​ഞ്ഞു. മറ്റെക്കാലി​ന് പൊട്ടലുമേറ്റു. ഭരതനാട്യമത്സരത്തി​ൽ പങ്കെടുക്കാൻ തന്നെ കഴി​യുമോയെന്ന സംശയത്തി​ലായി​രുന്ന പ്ലസ് ടു വിദ്യാർത്ഥി ഹരികൃഷ്ണൻ ഹരിലാലിന് ഒന്നാം സ്ഥാനത്തിന്റെ പൊൻതിളക്കം. പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഹരികൃഷ്ണൻ. ആറാം ക്ലാസ് മുതൽ ജില്ലാ കലോത്സവ വേദിയിലെ സ്ഥിര സാന്നിദ്ധ്യമായ ഈ മിടുക്കൻ കരിയർ ബെസ്റ്റ് പ്രകടനത്തോടെയാണ് സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയത്.

പരിക്ക് ഭേദമായതിനു ശേഷം സമ്മർദ്ദങ്ങളില്ലാതെ നടത്തിയ ചിട്ടയായ പരിശീലനമാണ് നേട്ടത്തിലേക്ക് എത്തിച്ചതെന്ന് ഹരികൃഷ്ണൻ പറഞ്ഞു. ആർ.എൽ.വി സാലി രാജഗോപാലാണ് പരിശീലക.

കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ ഹരിലാൽ നാല് വർഷം മുൻപ് ഹൃദയാഘാതം മൂലം മരി​ച്ചു. അമ്മ ഗിരിജയാണ് ഹരികൃഷ്ണനും കോളേജ് വിദ്യാർത്ഥിയായ മൂത്ത സഹോദരൻ ജയേഷിനും ഏക ആശ്രയം. അടുത്തുള്ള കടയിലെ ദിവസവേതന ജീവനക്കാരിയാണ് അമ്മ. പിറവം കക്കാട് സ്വദേശിയാണ് ഹരികൃഷ്ണൻ.