ആലുവ: എടത്തല ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷനിൽ 2022 -23 സാമ്പത്തികവർഷം അഞ്ച് കോടി രൂപയുടെ വികസനമാണ് നടന്നുവരുന്നതെന്ന് ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ പത്രസമ്മേളനത്തിൽ പറഞ്ഞു. റോഡ് നവീകരണത്തിന് മാത്രമായി 2.35 കോടി രൂപയാണ് ചെലവഴിക്കുന്നത്.
2020 -21 വർഷത്തെ സ്പിൽഓവർ ഏറ്റെടുക്കുന്നതിനായി 46 ലക്ഷംരൂപ ചെലവഴിച്ചു. തകർന്ന് തരിപ്പണമായിക്കിടന്ന നിർമ്മല സ്കൂൾമുതൽ കുന്നത്തേരിവരെയുള്ള പൈപ്പുലൈൻ റോഡ് നവീകരണത്തിന് ദ്വിവർഷ പദ്ധതിക്കായി ഒരുകോടി രൂപയാണ് വകയിരുത്തിയത്. ഈ വർഷം 54 ലക്ഷംരൂപ അനുവദിച്ചു.
മണലിമുക്ക് - ആലമ്പിള്ളി റോഡിന് 40 ലക്ഷം, എട്ടേക്കർ - നീലാത്തോപ്പ് റോഡിന് 30 ലക്ഷം, യത്തീംഖാന മറുവ റോഡിന് 30 ലക്ഷം, യത്തീംഖാന ചുണങ്ങംവേലി റോഡിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. സ്കൂളുകളുടെ നവീകരണത്തിന് 65 ലക്ഷം രൂപയും എ.എസ്.കെ റോഡ് നവീകരണത്തിന് 50 ലക്ഷവും പുള്ളാലിക്കര കുളം നവീകരണത്തിന് 35 ലക്ഷവും അനുവദിച്ചു.
*സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ജനങ്ങളെ കബളിപ്പിക്കുന്നെന്ന്
എടത്തല ഡിവിഷനിൽപ്പെട്ട നിർമ്മല സ്കൂൾ മുതൽ കുന്നത്തേരി വരെയുള്ള പൈപ്പുലൈൻ റോഡ് നവീകരണത്തിന് ഒരുകോടിരൂപ അനുവദിച്ചത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നെടുമ്പാശേരി ഡിവിഷൻ പ്രതിനിധി എം.ജെ. ജോമിയാണെന്ന അവകാശവാദം തെറ്റാണെന്ന് റൈജ അമീർ ആരോപിച്ചു. തന്റെ ഡിവിഷനിലേക്ക് അനുവദിച്ച തുക ഉപയോഗിച്ചാണ് ടാറിംഗ് നടത്തുന്നത്. ചൂർണിക്കര പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ തെറ്റായ പ്രചരണം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതനുസരിച്ച് പഞ്ചായത്ത് എ.ഇ ഒക്ടോബർ പത്തിന് എസ്റ്റിമേറ്റെടുത്തെങ്കിലും ജില്ലാ പഞ്ചായത്തിന് കൈമാറാൻ പഞ്ചായത്ത് അധികൃതർ അനുവദിച്ചില്ല. ഇതിനിടയിലാണ് നെടുമ്പാശേരിയിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വീണ്ടും എസ്റ്റിമേറ്റ് എടുക്കൽ ഉദ്ഘാടനം നടത്തിയത്. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. സി.പി.ഐ മണ്ഡലം സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ അസ്ളഫ് പാറേക്കാടനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.