കൊച്ചി: ആക്രി വ്യാപാരത്തിന്റെ മറവിൽ 125 കോടി രൂപയുടെ വ്യാജ ബില്ലുകൾ നിർമ്മിച്ച് ഇൻപുട്ട് ടാക്‌സായി 12 കോടി രൂപ തട്ടിയെടുത്ത കേസ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും. കൈക്കലാക്കിയ പണമുപയോഗിച്ച് പ്രതികൾ ലഹരിയിടപാടു നടത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ച സാഹചര്യത്തിലാണ് കേസന്വേഷണം ഇ.ഡിക്ക് കൈമാറാൻ ജി.എസ്.ടി വിഭാഗം തീരുമാനിച്ചത്.
അടുത്ത റീജിയണൽ ഇക്കണോമിക്‌സ് ഇന്റലിജൻസ് കൗൺസിൽ (ആർ.ഇ.ഐ.സി) യോഗത്തിൽ കേസന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കും. ആർ.ഇ.ഐ.സി യോഗത്തിൽ ഇ.ഡി, ഐ.ബി, കസ്റ്റംസ്, ഇൻകംടാക്‌സ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. 12കോടി രൂപയുടെ തട്ടിപ്പിന് പിന്നിൽ നിരവധിപ്പേരുണ്ടെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ കേസ് ഇ.ഡി അന്വേഷിക്കേണ്ടത് അനിവാര്യമെന്നാണ് ജി.എസ്.ടി വൃത്തങ്ങൾ പറയുന്നത്.
കേസിലെ മുഖ്യ ആസൂത്രകൻ പാലക്കാട് സ്വദേശിയാണ്. ഇയാളെ കണ്ടെത്താനായിട്ടില്ല. പ്രതികളായ പെരുമ്പാവൂർ പുലവത്ത് വീട്ടിൽ അസർ അലി (26), പെരുമ്പാവൂർ മാടവന വീട്ടിൽ റിൻഷാദ് (28) എന്നിവരെ ചോദ്യം ചെയ്യുകയാണ്. കൂട്ടുപ്രതികളും പെരുമ്പാവൂർ, കാലടി സ്വദേശികളുമായ അഞ്ച് യുവാക്കളെ ചോദ്യം ചെയ്തതായാണ് വിവരം.
ആർ.ഇ.ഐ.സി
കേന്ദ്ര അന്വേഷണ ഏൻജൻസികളും സംസ്ഥാനത്തെ വിവിധ അന്വേഷണ സംഘങ്ങളും നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് കേസുകളെക്കുറിച്ച് പഠിക്കുകയും തുടരന്വേഷണം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ആർ.ഇ.ഐ.സി. ഇ.ഡി അന്വേഷിക്കുന്ന കേസിൽ ജി.എസ്.ടി വകുപ്പും മറ്റ് ഏജൻസികളും തുടരന്വേഷണം നടത്താറുണ്ട്.