കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാൻ ഒരുഭാഗത്തു നിന്നും ഹൈക്കോടതിക്ക് പിന്തുണ ലഭിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട സിംഗിൾബെഞ്ച് വിഷയത്തിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ മൂന്നാം ഘട്ടം അവസാനിപ്പിച്ചിട്ട് മുല്ലശേരി കനാൽ പൂർവസ്ഥിതിയിലാക്കാൻ നിർദ്ദേശിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു.
നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളിലാണ് സിംഗിൾബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.
ബന്ധപ്പെട്ട അധികൃതർക്ക് താത്പര്യമില്ലെങ്കിൽ വെള്ളക്കെട്ടിന്റെ കാര്യത്തിൽ വരുന്നതു വരട്ടെ എന്നു വയ്ക്കാം. ജനങ്ങൾ ഹൈക്കോടതിയെ പഴിക്കുന്ന സാഹചര്യമുണ്ടാകരുത്. തലപ്പത്തിരിക്കുന്ന ആർക്കും ഇക്കാര്യത്തിൽ താത്പര്യമില്ല. ഇങ്ങനെ കേസ് തുടർന്നിട്ടും കാര്യമില്ല. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ മൂന്നാം ഘട്ടം ഒഴിവാക്കി നഗരത്തിലെ കാനകളും കനാലുകളും വൃത്തിയാക്കുന്നതടക്കമുള്ള കാര്യങ്ങൾ മാത്രം തുടർന്നാൽ മതിയെന്നു വയ്ക്കാം. ഏതു വേണമെന്ന് അധികൃതർ പറയണം. നിലപാട് അടുത്തയാഴ്ച അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. തുടർന്ന് ഹർജികൾ അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. മുല്ലശേരി കനാലിനെ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റുന്നതിനുള്ള ടെൻഡർ തുക പുന: പരിശോധിക്കാനോ വർദ്ധിപ്പിക്കാനോ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.