മൂവാറ്റുപുഴ: സംസ്ഥാന വഖഫ് ബോർഡ് മുൻ സി.ഇ.ഒ ബി. മുഹമ്മദ് ജമാൽ അനധികൃതമായി സ്പെഷ്യൽ അലവൻസ് കൈപ്പറ്റിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. ഗവ.അഡിഷണൽ ചീഫ് സെക്രട്ടറിയുടെെയും വഖഫ് ബോർഡ് സി.ഇ.ഒയുടെയും തസ്തിക ഒരേപദവിയിലുള്ളതാണെന്ന് കാണിച്ച് സ്പെഷ്യൽ അലവൻസ് എഴുതി അധികവരുമാനം കൈപ്പറ്റിയെന്നും സർക്കാർ ഇതു കണ്ടെത്തി തിരിച്ചടക്കാൻ പറഞ്ഞിട്ടും പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
എറണാകുളം വാഴക്കാല സ്വദേശി തൈക്കൂടത്തുവീട്ടിൽ ടി.എം.അബ്ദുൾ സലാം നൽകിയ പരാതിയിലാണ് വിജിലൻസ് കോടതി ജഡ്ജി പി.പി. സെയ്തലവിയുടെ ഉത്തരവ്.
60 ദിവസത്തിനുള്ളിൽ ത്വരിതഅന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. കേസ് ജനുവരി 7ന് വീണ്ടും പരിഗണിക്കും. ഹർജിക്കാരന് വേണ്ടി അഡ്വ. എൻ.പി. തങ്കച്ചൻ ഹാജരായി.