ആലുവ: ആലുവ നജാത്ത് ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന വാഹനം അഗ്നിക്കിരയാക്കിയ സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് മാനേജ്‌മെന്റ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിനോ മറ്റേതെങ്കിലും സ്വതന്ത്ര ഏജൻസിക്കോ വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയതായി ആശുപത്രി ഡയറക്ടർ എം. അബ്ബാസ് പറഞ്ഞു.
ആഗസ്റ്റ് 12 ന് രാത്രി 11 മണിയോടെയാണ് തീവയ്പ്പ് നടന്നത്. വാഹനാപകടം നടന്നെന്ന വ്യാജേന ആശുപത്രിയിലെത്തിയ സംഘത്തിൽപ്പെട്ട തൃശൂർ സ്വദേശിയാണ് പെട്രോൾ ഒഴിച്ച് വാഹനം കത്തിച്ചത്. സി.സി ടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയെങ്കിലും നാല് ദിവസത്തിനുശേഷം ജില്ലാ പൊലീസ് മേധാവി ഇടപെട്ടപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ടാഴ്ചയ്ക്കുശേഷം പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും മാനസികാസ്വാസ്ഥ്യം എന്ന് പൊലീസ് റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് കോടതി ജാമ്യത്തിൽ വിട്ടു. പലവട്ടം ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല. സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ജോലിയിൽനിന്ന് പുറത്താക്കപ്പെട്ടയാൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് സംശയമുണ്ട്. 25 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് പിൻവലിക്കണമെന്നഭ്യർത്ഥിച്ച് പ്രതിയും ഭാര്യയും ആശുപത്രി ഡയറക്ടറുടെ വീട്ടിൽ വന്നെങ്കിലും അംഗീകരിച്ചില്ല. അന്ന് രാത്രിയാണ് തീവയ്പ്പുണ്ടായത്.
തീവയ്പ്പ് കേസിലെ പ്രതിയും ഭാര്യയും കഴിഞ്ഞ 11ന് ഹണി ട്രാപ്പ് നടത്തിയ കേസിൽ മലപ്പുറത്ത് അറസ്റ്റിലായ ശേഷമാണ് സാമ്പത്തികതട്ടിപ്പ് കേസിലെ പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ കേസെടുക്കാൻ വൈകിയതിന് പിന്നിൽ ഉണ്ടോയെന്ന് സംശയമുണ്ട്.
ഡോ. മുഹിയുദ്ദീൻ ഹിജാസ്, അഡ്വ. കെ.ബി. പരീത്, അഡ്വ. അൻവർ, ഡോ. മുഹമ്മദ് റിയാദ്, മാനേജർ അബ്ദുൾ കരീം, സഗീർ അറക്കൽ, ജോ ജോഫി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.