കൊച്ചി: നേപ്പാളി യുവതി ഭാഗീരഥി ഗാമിയെ (30) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം തുണിയിലും പ്ലാസ്റ്റിക്ക് കവറിലും പൊതിഞ്ഞ് വാടകവീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ ഇവരുടെ പങ്കാളി റാം ബഹാദൂർ ബിസ്തിനെ കൊച്ചി സിറ്റി പൊലീസിന് വേണ്ടി നേപ്പാൾ പൊലീസ് ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക അന്വേഷണ സംഘം ചോദ്യാവലി ഉടൻ ഇ മെയിലിൽ കൈമാറും. സംഭവശേഷം രാജ്യംവിട്ട റാം ബഹാദൂറിനെ സിറ്റി പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ അടുത്തൊന്നും കൊച്ചിയിൽ എത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ചോദ്യാവലി നൽകി നടപടി വേഗത്തിലാക്കാൻ പൊലീസ് തീരുമാനിച്ചത്.

റാം ബഹദൂറിന്റെ മൊഴി ലഭിച്ചശേഷം പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിക്ക് കൈമാറും. ഒക്ടോബർ 23നാണ് എളംകുളം രവീന്ദ്രൻ റോഡിലെ ഒറ്റമുറി വാടകവീട്ടിൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

അതേസമയം, ഭാഗീരഥിയുടെ മൃതദേഹം ബംഗളൂരുവിൽ ജോലി ചെയ്യുന്ന ബന്ധുവിന്റെ സാന്നിദ്ധ്യത്തിൽ പുല്ലേപ്പടി ശ്മശാനത്തിൽ ഇന്നലെ വൈകിട്ട് സംസ്‌കരിച്ചു. മൃതദേഹം ഇന്നലെ വൈകിട്ടാണ് ബന്ധുക്കൾക്ക് കൈമാറിയത്.