മൂവാറ്റുപുഴ: ലോട്ടറി ഏജന്റ് സെല്ലേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (സി.ഐ.ടി.യു) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ലോട്ടറി ഓഫീസ് മാർച്ചും ധർണയും നടത്തി.
ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ബോർഡ് തീരുമാനിച്ച ക്ഷേമപദ്ധതികൾക്ക് അനുമതി നൽകി ആവശ്യമായ ഫണ്ട് അനുവദിക്കുക, വെട്ടിക്കുറച്ച കമ്മീഷൻ പുനസ്ഥാപിക്കുക, മൂവാറ്റുപുഴ ലോട്ടറി ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി .ആർ. മുരളീധരൻ ധർണ ഉദ്ഘാടനം ചെയ്തു. യൂണിയൻ മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി എം.എ. അരുൺ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ. രാകേഷ്, സായി തോമസ്, സി. അനിൽകുമാർ, എം.സി. അയ്യപ്പൻ, എം. ജയകുമാർ, വി.ആർ. ജയകൃഷ്ണൻ, എം.പി. നാസർ എന്നിവർ സംസാരിച്ചു.