lift
മെയിൻകനാലിന്റെ വശങ്ങൾ ഇടിഞ്ഞ നിലയിൽ

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ തമ്മാനിമറ്റം - ഐക്കരനാട് ലിഫ്റ്റ് ഇറിഗേഷൻ മെയിൻകനാലിന്റെ വശങ്ങൾ ഇടിഞ്ഞ് പമ്പിംഗ് പൂർണമായി നിലച്ചു. പമ്പ് ഹൗസ് ഡെലിവറി ടാങ്കിനടുത്ത് അഞ്ചുമീ​റ്ററോളം ഉയരത്തിൽ കെട്ടിയിരുന്ന പഴയ കരിങ്കൽകെട്ട് കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെത്തുടർന്നാണ് ഇടിഞ്ഞത്. ഇതോടെ കനാലിലൂടെ നീരൊഴുക്ക് നിലച്ചിരുന്നു. കൃഷിക്കാർ ജെ.സി.ബി ഉപയോഗിച്ച് താത്ക്കാലികമായി ഇടിഞ്ഞ മണ്ണുമാറ്റി പമ്പിംഗ് പുന:സ്ഥാപിച്ചെങ്കിലും ചൊവ്വാഴ്ച പെയ്തമഴയിൽ വീണ്ടും ഇടിഞ്ഞ് പമ്പിംഗ് പൂർണമായി നിർത്തിവച്ചു. കെട്ടിന്റെ അവശേഷിക്കുന്ന ഭാഗവും വിള്ളൽവീണ് എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന സ്ഥിതിയിലാണ്. ഇനി കെട്ടിടിഞ്ഞാൽ തൊട്ടടുത്ത വീടുകൾക്കും തകരാർ സംഭവിക്കാനിടയുണ്ട്.

*സൈഡ് ഭിത്തി ബലപ്പെടുത്താതിരുന്നത് വിനയായി

ഉയർന്ന കുതിരശക്തിയുള്ള മോട്ടോർ വച്ച് പമ്പിംഗ് തുടങ്ങിയപ്പോൾ പഴയ സൈഡ് ഭിത്തി ബലപ്പെടുത്താതിരുന്നത് ഇപ്പോഴുള്ള കെട്ട് ഇടിയലിന് കാരണമായി പറയുന്നത്. പമ്പിംഗ് അനിശ്ചിതമായി മുടങ്ങിയാൽ പഞ്ചായത്തിലെ 1000 ഹെക്ടറോളം സ്ഥലത്തെ കൃഷി നശിക്കാനും കുടിവെള്ളപ്രശ്‌നം രൂക്ഷമാകാനും സാദ്ധ്യതയുണ്ട്. നാട്ടുകാർ പഞ്ചായത്ത് അധികാരികൾ, എം.എൽ.എ അടക്കമുള്ളവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്.