പറവൂർ: കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ വേദികളെച്ചൊല്ലി പ്രതിഷേധം. മൂത്തകുന്നം ക്ഷേത്രാങ്കണത്തിലെ മൂന്ന് പ്രധാന വേദികളുടെ അപാകതയാണ് കാരണം. മൂന്നാം വേദിയിൽ എച്ച്.എസ്.എസ് വിഭാഗം മൂകാഭിനയത്തിൽ മത്സരിച്ച മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ശ്രീലക്ഷ്മി ബാബുവിന്റെ കാൽപ്പാദത്തിന് പരിക്കേറ്റു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, തിരുവാതിര, മൂകാഭിനയം തുടങ്ങിയ ശ്രദ്ധേയമായ മത്സരങ്ങൾ നടക്കുന്ന മൂന്ന് വേദികളും തട്ടിട്ട് താത്കാലികമായി ക്രമീകരിച്ചവയാണ്. പ്ലൈവുഡ് അടിച്ച് ഉറപ്പിച്ച വേദികളിൽ ചില ഭാഗങ്ങൾ ഉയർന്നു താഴുന്നുവെന്നാണ് മത്സരാർത്ഥികളുടെ പരാതി.
നാളെയും അവസ്ഥ തുടർന്നാൽ നിലത്തിറങ്ങി മത്സരിച്ചു പ്രതിഷേധിക്കുമെന്ന് വിവിധ സബ് ജില്ലകളുടെ ടീം മാനേജർമാർ അറിയിച്ചു.