abin-benny

പളളുരുത്തി: വ്യാജ ഡെലിവറി വിലാസങ്ങളുണ്ടാക്കി ഓൺലൈനായി സാധനങ്ങൾ വരുത്തിയ ശേഷം കാൻസൽ ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് പളളുരുത്തി പൊലീസിന്റെ പിടിയിലായി. ഫ്ളിപ്പ് കാർട്ട് ഡെലിവറി ബോയ് ഇടക്കൊച്ചി തെക്കും മുറിയിൽ വാടകക്ക് താമസിക്കുന്ന എബിൻ ബെന്നി (27) യെയാണ് മട്ടാഞ്ചേരി അസി. കമ്മിഷണർ അരുൺ. കെ പവിത്രൻ, പള്ളുരുത്തി ഇൻസ്പെക്ടർ സുനിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വ്യാജ അഡ്രസിൽ ഓൺലൈനിൽ സാധനങ്ങൾ വരുത്തിച്ച് മറിച്ച് വിറ്റ ശേഷം ഓർഡർ കാൻസൽ ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ആപ്പിൾ, റെഡ്മി, വിവോ തുടങ്ങിയ കമ്പനികളുടെ വിലകൂടിയ മൊബൈൽ ഫോണുകളും വാച്ചുകളുമാണ് ഓർഡർ ചെയ്ത് തട്ടിപ്പ് നടത്തിയത്. പള്ളുരുത്തി എസ്‌.ഐ പി.പി ജസ്റ്റിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പോൾ, പ്രസാദ്, സിവിൽ പൊലീസ് ഓഫിസർ സുരേഷ് മോഹൻ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.