തൊടുപുഴ: കപ്പയ്ക്ക് നല്ലകാലം പിറന്നപ്പോൾ മറ്റുള്ള മറ്റ് കാർഷിക വിളകളുടെ വില കൂപ്പുകുത്തി. സമീപകാലയളവിലെ ഏറ്റവും ഉയർന്ന വിലയാണ് മരച്ചീനിക്ക് നിലവിലുള്ളത്. കിലോയ്ക്ക് 45- 50 രൂപയാണ് നിലവിൽ വിപണിവില. ഉത്പാദനം കുറഞ്ഞതാണ് കപ്പയുടെ വില ഉയരാൻ കാരണം. കഴിഞ്ഞ രണ്ടുവർഷമായി മരച്ചീനി കർഷകർക്ക് കാര്യമായ വില ലഭിക്കാത്ത സാഹചര്യമായിരുന്നു. ലോക്ക്ഡൗണിന് ശേഷം കിലോയ്ക്ക് എട്ട് രൂപയ്ക്ക് വരെയാണ് കർഷകർ ഉത്പ്പന്നം വിറ്റഴിച്ചത്. വിളവെടുക്കുന്നതിനുള്ള ചെലവ് പോലും ലഭിക്കാതെ വന്നതോടെ നിരവധി കർഷകർ കൃഷി തന്നെ ഉപേക്ഷിക്കുന്ന സാഹചര്യവും അന്നുണ്ടായി. ഇതാണ് ഉത്പാദാനം കുറയാൻ കാരണമായത്. മൂന്ന് മാസത്തോളമായി കിലോയ്ക്ക് 45ന് മുകളിലാണ് കപ്പ വിൽപ്പന നടത്തുന്നത്. കൂടിയ വില ഇത്രയും കാലം നീണ്ടുനിൽക്കുന്നതും ആദ്യമാണ്. അതേസമയം നാളികേരം, റബർ, ഏലക്കായ തുടങ്ങിയ കാർഷികോത്പന്നങ്ങളും വിലത്തകർച്ച നേരിടുകയാണ്. നാളികേരത്തിന് വില കൂപ്പുകുത്തിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. തമിഴ്‌നാട്ടിൽ നിന്നു ദിവസവും ലോഡ് കണക്കിനു നാളികേരമാണ് സംസ്ഥാനത്തെ വിവിധ മാർക്കറ്റുകളിൽ എത്തുന്നത്. ഇതിനു പുറമെ മായം ചേർത്ത വെളിച്ചെണ്ണ കുറഞ്ഞവിലയിൽ വിവിധ പേരുകളിൽ വിപണിയിൽ എത്തുന്നതിനാൽ ഗുണനിലവാരം കൂടിയ വെളിച്ചെണ്ണയ്ക്കും പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയായി. സമീപനാളിലൊന്നും വില വർദ്ധിക്കാനുള്ള സാഹചര്യമില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. 2019ൽ 7,000 രൂപ വരെ ലഭിച്ച ഏലക്കായ്ക്ക് നിലവിൽ 750- 1200 രൂപയാണ് വില. ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന കുരുമുളകിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കാലാവസ്ഥ വ്യതിയാനം മൂലം കൊക്കോയുടെ ഉത്പാദനവും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഫലത്തിൽ ജില്ലയിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
കപ്പപുഴുക്കിനും മുളക് ചമ്മന്തിക്കും എരിവേറും
അൽപ്പം പച്ചമുളകും ഉള്ളിയും ഞെരടിയതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ച് കപ്പപുഴുക്കിനൊപ്പം ഒരു പിടി പിടിക്കാൻ ആഗ്രഹിക്കാത്ത ഇടുക്കിക്കാരനില്ല. മലയോരകർഷകന്റെ ഇഷ്ടവിഭവമാണിത്. എന്നാൽ ഇപ്പോൾ ഇത് കഴിച്ചാൽ എരിവ് അൽപ്പം കൂടുതലാകും. കഴിഞ്ഞ വർഷം ഇതേസമയം 21 രൂപയുണ്ടായിരുന്ന കപ്പവില ഇരട്ടിയിലേറെയായി. ഒപ്പം കിലോ 150 രൂപയുണ്ടായിരുന്ന പച്ചമുളക് വില 300 കടന്നു. ഉള്ളിയുടെ കാര്യം പിന്നെ പറയണ്ട, അമ്പതിന് മുകളിലാണ്. വെളിച്ചെണ്ണയ്ക്ക് 200 രൂപ കൊടുക്കണം. അതുകൊണ്ട് ഇപ്പോ മുളകും കൂട്ടി കപ്പപുഴുക്ക് കഴിക്കണമെങ്കിൽ ചെലവേറും.