തൊടുപുഴ: ജൈവ വൈവിധ്യ മേഖലകളുടെ പ്രവർത്തികൾ ഏകോപിച്ച് കാര്യക്ഷമായി നടപ്പിലാക്കാൻ ജില്ലയിൽ കോ-ഓർഡിനേഷൻ കമ്മറ്റി പ്രവർത്തന സജ്ജമാകുന്നു.സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജൈവ വൈവിദ്ധ്യകോ-ഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കാനുള്ള സർക്കാർ തീരുമാന പ്രകാരമാണ് ഇടുക്കിയിലും കോഓർഡിനേഷൻ കമ്മറ്റി പ്രാവർത്തികമാകുന്നത്.സംസ്ഥാന പരിസ്ഥിതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ജൈവ വൈവിദ്ധ്യ ബോർഡിനാണ് കോ-ഓർഡിനേഷൻ കമ്മറ്റി രൂപീകരണത്തിന്റെ ചുമതല. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നിരീക്ഷണ സംവിധാനമായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്.ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കും കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ.കൺവീനർ ജില്ലാ പ്ലാനിംഗ് ഓഫീസർ.ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ജോയിന്റ് കൺവീനർ,ജില്ലാ ആസൂത്രണ സമിതിയുടെ സർക്കാർ നോമിനി,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ,പ്രിൻസിപ്പൽ കൃഷി ഓഫീസർ,ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ,അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,ജില്ലാ ഫിഷറീസ് ഓഫീസർ,ജില്ലാ മൃഗസംരക്ഷണ ഓഫീസർ,പ്രോജക്ട് ഡയറക്ടർ, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ എന്നിങ്ങനെയാണ് ജില്ലാ തലത്തിലുള്ള കോ-ഓർഡിനേഷൻ സമിതി.തദ്ദേശസ്വയംഭരണ സ്ഥാപന അസോസിയേഷൻ പ്രതിനിധികകൾ, ജില്ലാ ആസൂത്രണ സമിതി ശുപാർശ ചെയ്യുന്ന ജൈവ വിദഗ്ദ്ധരായ അഞ്ച് ആളുകൾ ക്ഷണിതാക്കളായും പ്രവർത്തിക്കും.
തദ്ദേശ സ്ഥാപന സമിതികൾ
കോർഡിനേഷൻ സമിതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ജൈവ വൈവിധ്യ പരിപാലന സമിതികൾ (ബിഎംസി) പ്രവർത്തന സജ്ജമായിട്ടുണ്ട്.തദ്ദേശ സ്ഥാപന അദ്ധ്യക്ഷരാണ് ചെയർമാൻ.തദ്ദേശ സ്ഥാപന സെക്രട്ടറി ബി എം സി യുടെ സെക്രട്ടറിയായും പ്രവർത്തിക്കും.
ബി എം സി യുടെ ലക്ഷ്യം
പ്രദേശികമായ ജൈവ വിഭവങ്ങൾ കണ്ടെത്തി സംരക്ഷിക്കൽ,ജൈവ വിഭവങ്ങളുടെ ഉപയോഗങ്ങൾ പ്രോത്സാഹിപ്പിക്കുക,ആവാസ വ്യവസ്ഥകളുടെ പരിപാലനം, പാരമ്പര്യമായ നാടൻ വിഭവങ്ങൾ സംരക്ഷിക്കൽ,പാരമ്പര്യമായ കൃഷികൾ സംരക്ഷിക്കൽ,ജനകീയ വൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കൽ,പാരമ്പര്യമായ നാട്ടറിവുകൾ-കാവുകൾ,ജലാശയങ്ങൾ എന്നിവയുടെ സംരക്ഷണം.