മുട്ടം: ലക്ഷങ്ങൾ മുടക്കി കുഴൽ കിണർ സ്ഥാപിച്ച് വെള്ളം കണ്ടെത്തിയെങ്കിലും പദ്ധതി പൊതുജനത്തിന് പ്രയോജനപ്പെടുന്നില്ല. മുട്ടം പഞ്ചായത്ത്‌ പ്രദേശത്തെ10,11,12 വാർഡുകൾ ഉൾപ്പെടുന്ന മുന്നൂറോളം കുടുംബക്കാർക്കാണ് കുഴൽകിണറിലെ കുടിവെള്ളം അന്യമാകുന്നത്.പ്രദേശത്തെ അതിരൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായിട്ടാണ് മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇല്ലിചാരിയിൽ കുഴൽകിണർ പദ്ധതി ആവിഷ്ക്കരിച്ചത്.പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി മുട്ടം പഞ്ചായത്ത്‌ 430000 രൂപ ഗ്രൗണ്ട് വാട്ടർ വകുപ്പിന് രണ്ട് വർഷം മുൻപ് നൽകിയിരുന്നു.പ്രദേശവശിയായ പുത്തൻപുരയിൽ ജോസഫ് അഗസ്റ്റ്യൻ എന്ന വ്യക്തി സൗജന്യമായി നൽകിയ ഭൂമിയിലാണ് കിണർ സ്ഥാപിക്കാൻ തീരുമാനിച്ചത്.കിണർ സ്ഥാപിക്കുന്നതിനെതിരെ ചിലർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനാൽ തുടർ പ്രവർത്തനങ്ങൾ സ്തംഭിച്ചു.എന്നാൽ പരാതികൾ അടുത്ത നാളിൽ പിൻവലിച്ചതോടെ പ്രദേശത്ത് 140 അടി താഴ്ച്ചയിൽ പുതിയ കിണർ സ്ഥാപിച്ച് സുലഭമായ വെള്ളം കണ്ടെത്തിയെങ്കിലും

ചെളിനിറഞ്ഞ അഴുക്ക് വെള്ളമാണ് ലഭിച്ചത്.ഇതോടെ മൂന്നാമതായി മറ്റൊരു കിണർ കൂടി സ്ഥാപിച്ചു.ഇതിലും വെള്ളം കണ്ടെത്തിയെങ്കിലും ഗ്രൗണ്ട് വാട്ടർ വകുപ്പ് അധികൃതർ എത്താത്തതിനാൽ തുടർ പ്രവർത്തികൾ പൂർണ്ണമായും സ്തംഭിച്ചു.മോട്ടോർ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കൽ എന്നിങ്ങനെയുള്ള പ്രവർത്തികൾ പൂർത്തീകരിക്കാത്തതിനാൽ ലക്ഷങ്ങൾ ചിലവിട്ട് സ്ഥാപിച്ച പദ്ധതി ഒരു മാസക്കാലം ആകാറായിട്ടും ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത അവസ്ഥയിലാണ്.ഇത് സംബന്ധിച്ച് പഞ്ചായത്ത്‌ ജനപ്രതിനിധികൾ,വിവിധ സംഘടന നേതാക്കൾ എന്നിങ്ങനെയുള്ളവർ ഗ്രൗണ്ട് വാട്ടർ വകുപ്പ് അധികൃതരെ നിരന്തരം സമീപിക്കുന്നുണ്ടെങ്കിലും അനുകൂലമായ നിലപാടോ എന്തിന് പ്രദേശത്തേക്ക് പോലും അവർ തിരിഞ്ഞ് നോക്കുന്നില്ല എന്നും പദ്ധതിയുടെ ഗുണഭോക്താക്കൾ പറയുന്നു.കുഴൽ കിണറിൽ നിന്ന് വെള്ളം ലഭ്യമായിട്ടും ഉപയോഗിക്കാൻ കഴിയാതെ അമിത പണം നൽകി വെള്ളം വാങ്ങിയാണ് പ്രദേശവാസികൾ കഴിച്ച് കൂട്ടുന്നത്. . ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ ,പി. ജെ. ജോസഫ് എം എൽ എ, ഡീൻ കുര്യാക്കോസ് എം പി, കളക്ടർ ഉൾപ്പടെയുള്ളവർ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.