roshy
കാമാക്ഷി പഞ്ചായത്തിലെ മനുഷ്യമഹാശൃംഖലക്ക് ശേഷം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

ഇടുക്കി: സമൂഹത്തിൽ മാരക വിപത്തായി മാറിയ ലഹരിയുടെ ഉപയോഗവും അതുമൂലം സംജാതമായ സാമൂഹ്യ പ്രശ്നങ്ങളിൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സംസ്ഥാനസർക്കാർ സംഘടിപ്പിച്ച ലഹരി വിരുദ്ധ കർമ്മ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജ്, സ്കൂൾ , സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ വൈവിദ്ധ്യമാർന്ന ചടങ്ങുകൾ നടന്നു. ഒരാഴ്ച്ചയോളമായി ഇതുമായി ബന്ധപ്പെട്ട് പരിപാടികൾ നടന്ന് വരുകയായിരുന്നു. വിദ്യാർത്ഥികളും സമൂഹത്തിന്റെ നാനാ തുറകളിൽ പ്രവർത്തിക്കുന്നവർ ഒത്തൊരുമിച്ച് മനുഷ്യ ശ്രംഖലകൾ സൃഷ്ടിക്കുന്നതായിരുന്നു കേരളപ്പിറവി ദിനമായ ഇന്നലെ നടന്ന പ്രധാന ലഹരിവിരുദ്ധ ക്യാമ്പയിൻ. ലഹരിവിരുദ്ധ പ്രതിജ്ൈ ചൊല്ലൽ,ഫ്ളാഷ്മോബ്, ബോധവത്ക്കരണ ക്ളാസുകൾ എന്നിവയടക്കം വിവിധ ചടങ്ങുകളാണ് നടന്നത്.

കൂട്ടായ പരിശ്രമംവേണം

കാമാക്ഷി: ലഹരിയിൽ നിന്ന് ഭാവിതലമുറയെ രക്ഷിക്കാൻ
കൂട്ടായ പരിശ്രമം വേണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാമാക്ഷി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയിൽ അണിചേർന്ന ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിയുടെ പിടിയിൽ അകപ്പെട്ടാൽ തിരിച്ചു വരവ് ബുദ്ധിമുട്ടാണെന്നും ഈ മാരക വിപത്തിൽ നിന്ന് ഭാവി തലമുറയെ രക്ഷിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാമാക്ഷി മുതൽ തങ്കമണി യൂണിയൻ ബാങ്ക് ജംഗ്ഷൻ വരെയുള്ള നാല് കിലോമീറ്റർ നീളത്തിൽ സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽആയിരങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധ പൊതുസമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് അദ്ധ്യക്ഷത വഹിച്ചു.