
നെടുങ്കണ്ടം: ഇന്നലെ പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിൽ വീട് കത്തിനശിച്ചു. എഴുകുംവയൽ പുത്തൻപാലം മുണ്ടിയാങ്കൽ എൽസമ്മയുടെ വീടാണ് കത്തി നശിച്ചത്. അലമാരയിൽ സൂക്ഷിച്ച ഏകദേശം രണ്ടര ലക്ഷം രൂപയും, സ്വർണ്ണഭരണങ്ങളും ലാപ്‌ടോപ്പ്, റേഷൻകാർഡ്, ആധാരം അടക്കമുള്ള വിലപ്പെട്ട രേഖകളും കത്തി നശിച്ചു. 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. വീടിന്റെ മൂന്ന് മുറികളിലെ ഉപകരണങ്ങളും കത്തി നശിച്ചു. തീപ്പിടിച്ചതിനെ തുടർന്ന് വീടിന്റെ ഓട് പൊട്ടിതെറിച്ചു. നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിൽ നിന്ന് എത്തിയ അഗ്‌നി ശമനസേന ഏറെ പ്രയത്‌നിച്ചാണ് തീയണച്ചത്. ഇടുക്കി ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
ആശുപത്രി ആവശ്യത്തിനായി പോയതിനാൽ തീപ്പിടിക്കുന്ന സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. വീട്ടിൽ നിന്ന് പോകുന്നതിന് മുമ്പ് വീട്ടുകാർ മെയിൻ സ്വിച്ച് ഓഫാക്കിയിരുന്നു. 40 വർഷത്തിലധികം പഴക്കമുള്ള വീടാണ് കത്തി നശിച്ചത്. അടുക്കള ഭാഗത്തേയ്ക്ക് തീപടരാതിരുന്നത് കൂടുതൽ ദുരന്തം ഒഴിവാക്കി. വീടിന്റെ കതകുകൾ അടഞ്ഞ നിലയിലും, മറ്റ് വഴി ആരും അകത്ത് കടന്നതായി യാതൊരു ലക്ഷണവുമില്ല. തീപ്പിടിക്കുവാൻ കാരണമായ യാതൊന്നും റൂമിൽ നിന്നും പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. അസ്വഭാവികമായ തീപിടിത്തത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്. ബിനു പറഞ്ഞു.