തൊടുപുഴ: റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നിർമ്മാണത്തിൽ ക്രമക്കേടെന്ന് ആരോപണം. 95.40 കോടിയുടെ പ്രൊജക്ടായ പൈനാവ് -താന്നിക്കണ്ടം -അശോകക്കവല റോഡിന്റെ നിർമ്മാണത്തിൽ ക്രമക്കേട് നടക്കുന്നതായി ജനകീയ സമരസമിതി പത്രസമ്മേളനത്തിൽ പറഞ്ഞു. കരാർ നൽകിയത് അന്താരാഷ്്ര നിലവാരത്തിൽ നിർമ്മിക്കുന്നതിനാണ്. എന്നാൽ പലയിടത്തും നിലവാരം പുലർത്താതെയാണ് നിർമ്മാണം നടന്നത്. പല സംരക്ഷണ ഭിത്തികൾക്കും ഉയരത്തിന് ആനുപാതികമായ വീതിയില്ല. ശക്തമായ മഴയിൽ ഇത്തരം സംരക്ഷണഭിത്തികൾ ഇടിയാനുള്ള സാദ്ധ്യതയും ഏറെയാണ്. റോഡിൽ നിലവിലുണ്ടായിരുന്ന കലുങ്കുകൾ പൊളിച്ചപ്പോൾ അതിലും മോശമായ നിലവാരത്തിലാണ് നിർമ്മിച്ചതെന്നാണ് മറ്റൊരു ആരോപണം. റോഡ് നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി, സൂപ്രണ്ടിംഗ് എഞ്ചിനിയർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ എന്നിവർക്ക് പരാതി നൽകി എങ്കിലും ഇത് സംബന്ധിച്ച് അന്വേഷണം ഉണ്ടായില്ല. പരാതി നൽകിയ ജനകീയ സമിതി നേതാക്കൾക്ക് നേരെ ഭീഷണി ഉയർത്തിയതായും ഭാരവാഹികളായ വി. ആർ. സന്തോഷ്, സിബി മത്തായി, എംണ ആർ. രഞ്ജിത്ത്, കെ. എസ്. അജിത്ത്, പി. വി. കമൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.