യു. ഡി. എഫ്, ബി. ജെ. പി അംഗങ്ങൾ സ്വതന്ത്ര അംഗത്തെ പിന്തുണച്ചു

കട്ടപ്പന: വണ്ടൻമേട് പഞ്ചായത്തിൽ സ്വാതന്ത്ര അംഗം സുരേഷ് മാനങ്കേരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽ.ഡി.എഫ് അംഗം സിബി എബ്രഹാം അവിശ്വാസത്തിലൂടെ പുറത്തായതിനെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് യു ഡി എഫ് , ബി ജെ പി പിന്തുണയോടെ സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരി പ്രസിഡന്റായത്. എൽ ഡി.എഫ് പ്രതിനിധി സന്ധ്യാ രാജയെ എട്ടിനെതിരേ പത്ത് വോട്ടുകൾ നേടിയാണ് വിജയം.

18 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫി.ന് എട്ടും യു.ഡി.എഫി.ന് ആറും ബിജെപിക്ക് മൂന്നും ഒരു സ്വതന്ത്ര അംഗവും എന്നതാണ് കക്ഷി നില.നേരത്തെ എൽ. ഡി. എഫിന് ഒൻപത് അംഗങ്ങൾ ഉണ്ടായിരുന്നു. ഭർത്താവിനെ മയക്കുമരുന്ന് കേസിൽപ്പെടുത്താനായി​ കാമുകനും ലഹരി ഇടപാടുകാരുമായി ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിൽ എൽ.ഡി.എഫ്. അംഗം സൗമ്യ പൊലീസിന്റെ പിടിയിലായതോടെ പഞ്ചായത്തംഗത്വം രാജിവച്ചിരുന്നു. വനി​താ അംഗം രാജി​വെച്ച് ഒഴി​വി​ൽ അടുത്തയിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയിക്കുകയും ചെയ്തു. .ഇതേത്തുടർന്ന് ഒറ്റയ്ക്ക് ഭൂരിപക്ഷം നഷ്ടമായ എൽ.ഡി.എഫ്. ഭരണ സമിതിക്കെതിരെ സ്വതന്ത്ര അംഗമായ സുരേഷ് മാനങ്കേരി അവതരിപ്പിച്ച അവിശ്വാസ പ്രമേയം യു.ഡി.എഫ്.ന്റെ ആറ് അംഗങ്ങൾക്കൊപ്പം മൂന്ന് ബി.ജെ.പി. അംഗങ്ങളും പിന്തുണച്ചതോടെ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ പാസാകുകയായിരുന്നു. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി. ജെ. പിയും യു. ഡി. എഫും സ്ഥാനാർത്ഥികളെ നിർത്താതെ സ്വതന്ത്ര അംഗത്തെ പിൻതുണയ്ക്കാൻ ധാരണയായതോടെയാണ് സുരേഷ് മാനങ്കേരിയുടെ വിജയം ഉറപ്പായത്.ഉടുമ്പൻചോല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർജിതേഷ് തയ്യിൽ വരണാധികാരി ആയിരുന്നു