തൊടുപുഴ: വിവിധ ജില്ലകളിൽ ടൂറിസം പദ്ധതികൾ ബഹുദൂരം മുന്നോട്ട് പോകുമ്പോഴും പ്രതീക്ഷയോടെ തുടങ്ങിയ മലങ്കര ടൂറിസം ഹബ്ബിന്റെ വികസന പ്രവർത്തനങ്ങൾ ഒരിഞ്ച്പോലും മുന്നോട്ട് നീങ്ങിയില്ല. .ഏറെ കൊട്ടിഘോഷിച്ച് മലങ്കര ടൂറിസം ഹബ്ബിന്റെ ഉദ്ഘാടന മാമാങ്കം നടത്തി മൂന്ന് വർഷങ്ങൾ പൂർത്തിയായിട്ടും ഹബ്ബിലേക്ക് പ്രഖ്യാപിക്കുന്ന പദ്ധതികൾ ജലരേഖയായി മാറി. മൂന്ന് കോടിയോളം വിനിയോഗിച്ച് നിർമ്മിച്ച എൻട്രൻസ് പ്ലാസ (ഹബ്ബ്) നോക്ക് കുത്തിയായി മാറി. .25 ലക്ഷം മുടക്കി സ്ഥാപിച്ച കുട്ടികളുടെ പാർക്കിലെ ഉപകരണങ്ങൾ കൃത്യമായി നവീകരിക്കാത്തതിനാൽ മിക്കതും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.ഹബ്ബിനോട്‌ അനുബന്ധിച്ച് ബോട്ട് സർവീസ്,എൻട്രൻസ് പ്ലാസയുടെ ചോർച്ച പരിഹരിച്ച് പ്രവർത്തന സജ്ജമാക്കൽ,ചുറ്റ് പ്രദേശങ്ങളിൽ ഇടത്താവളങ്ങൾ എന്നിങ്ങനെ പദ്ധതികൾ ഉടൻ തയ്യാറാക്കാൻ കഴിഞ്ഞ ജൂൺ 23 ന് എം എൽ എ,കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന മലങ്കര ഹബ്ബിന്റെ ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരുന്നു.എന്നാൽ യോഗം ചേർന്ന് ചർച്ചകൾ നടന്നതല്ലാതെ പദ്ധതികൾ ഒന്ന് പോലും പ്രാവർത്തികമായില്ല.ഒക്ടോബറിൽ ജനറൽ കൗൺസിൽ വീണ്ടും ചേരാൻ തീരുമാനിച്ചെങ്കിലും അതും നടന്നില്ല.

പി പി പി പദ്ധതിക്ക്

സാദ്ധ്യതയേറെ

മലങ്കര പദ്ധതിയുടെ വികസനത്തിന്‌ സർക്കാർ തലത്തിൽ പണത്തിന്റെ അപര്യാപ്തതയുണ്ടെങ്കിൽ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ പീപ്പിൾസ് പാർട്ടിസിപ്പേഷൻ പദ്ധതി (പി പി പി) ഇവിടെ പ്രാവർത്തികമാക്കുന്നതിന് അധികൃതർ തയ്യാറാകണം എന്ന ആവശ്യമാണ് ഉയരുന്നത്. .ബോട്ട് സർവീസ്,പെഡൽബോട്ട്, ഭക്ഷണശാല,വൈദ്യുത ദീപാലങ്കാരങ്ങൾ, കുട്ടവഞ്ചി,സൈക്കിൾ സവാരി,കുതിര സവാരി,അണക്കെട്ടും ഹബ്ബിന്റെ ചുറ്റ് പ്രദേശങ്ങളും കാണുന്നതിനുള്ള ബഗി കാർ എന്നിങ്ങനെയുള്ള കാര്യങ്ങൾ പി പി പി പദ്ധതിയിൽ ഉൾപ്പെടുത്തി മലങ്കരയിൽ നടപ്പിലാക്കാൻ സ്വകാര്യ വ്യക്തികൾ,സ്വകാര്യ സ്ഥാപനങ്ങൾ,സർക്കാരിന്റെ ഏജൻസികൾ എന്നിവർക്ക് അനുമതി നൽകാവുന്നതാണ്..ഇതിൽ നിന്നുള്ള വരുമാനം ഹബ്ബിനും പദ്ധതി നടത്തിപ്പുകാരും പങ്കിടണം.പി പി പി പദ്ധതി പ്രാവർത്തികമായാൽ സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ സഹായമില്ലാതെ ഇവിടെ നിരവധി കാര്യങ്ങൾ ഒരുക്കാൻ കഴിയുകയും ഇതുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന നേട്ടവുമുണ്ട്.