
കട്ടപ്പന: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് അനുകൂലമായി പ്രകോപനപരമായ മുദ്രവാക്യം വിളിച്ച കേസിൽ രണ്ട്പേർ കീഴടങ്ങി. രാമക്കൽമേട് ബാലൻപിള്ളസിറ്റിയിൽ സെപ്തംബർ 22ന് രാവിലെ പോപ്പുലർ ഫ്രണ്ടിന് അനുകുലമായി പ്രകോപനപരമായ മുദ്രവാക്യം വിളിച്ച കേസിലെ മൂന്നാം പ്രതി രാമക്കൽമേട് ഓണമ്പള്ളിയിൽ വീട്ടിൽ ഷെമീർ(28 ) ആറാം പ്രതി രാമക്കൽമേട് ബാലൻപിള്ളസിറ്റി വടക്കേത്താഴെ വീട്ടിൽ അമീർഷാ വി.എസ് (25 ) എന്നിവരാണ് കട്ടപ്പന ഡിവൈ.എസ്.പി മുൻപാകെ കീഴടങ്ങിയത്.നെടുങ്കണ്ടം പൊലീസ് രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണസംഘം രൂപികരിച്ച് കട്ടപ്പന ഡിവൈ. എസ്. പി വി.എ. നിഷാദ് മോൻ അന്വേഷണം നടത്തി വരവെയാണ് രണ്ട്പേരുടെ കീഴടങ്ങൽ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇവർ തമിഴ് നാട്ടിൽ പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. ബാക്കി പ്രതികൾക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.